മുംബൈ: രണ്ടാമത്തെ ഇലക്ട്രിക് കാർ പ്രദർശിപ്പിച്ച് ടൊയോട്ട. ബിസെഡ് 4 എക്സ് എന്ന ഇലക്ട്രിക് എസ്‍യുവിക്ക് ശേഷം ബിസെഡ് 3 എന്ന സെഡാനാണ് ടൊയോട്ട പ്രദർശിപ്പിച്ചത്. ചൈനീസ് ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ബിവൈഡിയുമായി സഹകരിച്ച് പുറത്തിറങ്ങുന്ന വാഹനത്തിന് 599 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന ബാറ്ററി പാക്കാണ് ഉപയോഗിക്കുക.
ടൊയോട്ടയുടെ തന്നെ കാറായ കൊറോളയുടെ അതേ വലുപ്പമാണ് പുതിയ വാഹനത്തിനും. സ്പ്ലിറ്റ് സീറ്റ്, ഹെഡ്‌ലാംപ്, ബോണറ്റിന് ഇടയിലൂടെ പോകുന്ന എൽഇഡി സ്ട്രിപ്പ് ലൈറ്റുകൾ, മനോഹരമായ ഉൾഭാഗം, വലിയ ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ വാഹനത്തിലുണ്ട്. 4375 എംഎം നീളവും 1835 എംഎം വീതിയും 1475 എംഎം ഉയരവുമുണ്ട്. പ്രധാന എതിരാളിയായ ടെസ്‌ല മോഡൽ 3 നെക്കാൾ വലുപ്പം ബിസെഡ് 3 നുണ്ട്.
ബിവൈഡിയും ടൊയോട്ടയും ചേർന്നുള്ള സംയുക്ത സംരംഭമായിട്ടാണ് വാഹനം വികസിപ്പിച്ചത്. ടൊയോട്ടയുടെ ഇ ടിജിഎൻജിഎ പ്ലാറ്റ്ഫോമിലാണ് നിർമാണം. ബാറ്ററിയുടെ നിർമാണം ബിവൈഡിയും. പത്തുവർഷം വരെ, ബാറ്ററിക്ക് 90 ശമാനം ചാർജിങ് കപ്പാസിറ്റിയുണ്ടാകുമെന്നും കമ്പനി പറയുന്നുണ്ട്.