സുസുക്കിയുടെ ഇലക്ട്രിക് എസ്യുവി കൺസെപ്റ്റ് 2023 ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ. രാജ്യാന്തര വിപണിക്കും ഇന്ത്യൻ വിപണിക്കും വേണ്ടി സുസുക്കിയും ടൊയോട്ടയും ചേർന്നു വികസിപ്പിക്കുന്ന എസ്യുവിയുടെ ഗ്ലോബൽ അൺവീലിങ് ജനുവരിയിലെ ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
വൈ വൈ 8 എന്ന കോഡുനാമത്തിൽ അറിയപ്പെടുന്ന എസ്യുവിക്ക് ക്രെറ്റയെക്കാൾ വലുപ്പമുണ്ടാകും. രണ്ടു ബാറ്ററി പാക്ക് മോഡലുകളിൽ വിപണിയിൽ എത്തുന്ന എസ്യുവിക്ക് 500 കിലോമീറ്റർ വരെ റേഞ്ചും പ്രതീക്ഷിക്കാം. 2025 ഫെബ്രുവരിയിൽ പുതിയ ഇലക്ട്രിക് വാഹനം മാരുതി പുറത്തിറക്കും. 2018 ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ ഫ്യൂച്ചർ എസ് ഇലക്ട്രിക് എസ്യുവി കൺസെപ്റ്റും, 2020 ൽ ഫ്യൂച്ചറോ ഇ കൺസെപ്റ്റും കമ്പനി പ്രദർശിപ്പിച്ചിരുന്നു.
സുസുക്കിയുടെ ഗുജറാത്ത് ശാലയിലായിരിക്കും വാഹനത്തിന്റെ നിർമാണം. ഇലക്ട്രിക് എസ്യുവിയുടെ ടൊയോട്ട പതിപ്പുമെത്തുമെങ്കിലും ഗ്രാൻഡ് വിറ്റാരയും ഹൈറൈഡറും പോലെ രൂപമാറ്റമുണ്ടാകും. 48 kWh 59 kWh എന്നീ ബാറ്ററി പാക്കുകളുണ്ടാകും. ചൈനീസ് ബാറ്ററി നിർമാതാക്കളായ ബിവൈഡിയിൽ നിന്നാണ് സുസുക്കി പുതിയ വാഹനത്തിന്റെ ബാറ്ററി. ഏകദേശം 13 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെ വില നിലവാരത്തിൽ വിപണിയിലെത്തിക്കാനായിരിക്കും സുസുക്കി ശ്രമിക്കുക.