പള്‍സര്‍ 220 എഫ് പുനരവതരിപ്പിച്ച് ബജാജ്; വില 1.39 ലക്ഷം

Advertisement

പള്‍സര്‍ ശ്രേണിയിലെ മിന്നും താരമായിരുന്ന പള്‍സര്‍ 220 എഫ് ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു ബജാജ് വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. സർക്കാർ മലിനീകരണ നിയന്ത്രണങ്ങൾ കടുപ്പിച്ചപ്പോ​ഴായിരുന്നു ഇത്. എന്നാലിപ്പോള്‍ കൂടുതല്‍ ഊര്‍ജ്വസ്വലനായി പള്‍സര്‍ 220 എഫ് ഇന്ത്യയില്‍ പുനരവതരിച്ചിരിക്കുകയാണ്.

ഉപഭോക്താക്കള്‍ക്കിടയില്‍ നിന്നുള്ള ഡിമാന്‍ഡ് തിരിച്ചറിഞ്ഞാണ് പള്‍സര്‍ 220 എഫ് ബജാജ് പുനരവതരിപ്പിക്കുന്നത്. 1,39,686 രൂപ എക്‌സ്-ഷോറൂം ആണ് ബൈക്കിന്റെ വില. ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ എഞ്ചിനിൽ ചില പരിഷ്‌കരങ്ങള്‍ വരുത്തി എന്നതൊഴിച്ചാല്‍ മറ്റ് മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും വാഹനത്തിലില്ല.

സെമി ഫെയേര്‍ഡ് മോട്ടോര്‍സൈക്കിള്‍ 2007ലാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. 16 വര്‍ഷത്തോളം ഈ മോഡല്‍ വിപണിയില്‍ തിളങ്ങിനിന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പള്‍സര്‍ എഫ് 250 പുറത്തിറക്കിയതോടെ പള്‍സര്‍ 220 എഫ്-ന്റെ വില്‍പ്പന ബജാജ് അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ കമ്പനിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് പള്‍സര്‍ എഫ് 250 വിപണിയിൽ പരാജയമായിരുന്നു. 200-250 സിസി സെഗ്മെന്റില്‍ വില്‍പ്പന ഗണ്യമായ കുറഞ്ഞതോടെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ പള്‍സര്‍ 220 എഫ് വീണ്ടും കളത്തിലിറക്കുകയാണ് ബജാജ്.

ബൈക്കില്‍ അങ്ങിങ്ങായി നല്‍കിയിരിക്കുന്ന ചുവപ്പ് നിറത്തിലുള്ള ഗ്രാഫിക്‌സ് പുതിയ പള്‍സര്‍ 220 എഫ്-ന്റെ ഡിസൈനില്‍ മികച്ച് നില്‍ക്കുന്നു. ബൈക്കിന്റെ ബെല്ലി പാന്‍, സൈഡ് പാനലുകള്‍, ഫ്രണ്ട് ഫെന്‍ഡര്‍ എന്നിവയില്‍ കാര്‍ബണ്‍ ഫൈബര്‍ ഫിനിഷുള്ളതായി ചിത്രങ്ങളില്‍ കാണാം. സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളാണ് ബൈക്കിന്.

ട്വിന്‍ എല്‍.ഇ.ഡി ടെയില്‍ ലാമ്പുകള്‍, സ്പ്ലിറ്റ് ഗ്രാബ് റെയില്‍, ബ്ലാക്ക് അലോയ് വീലുകള്‍, ഹാലൊജെന്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, പൈലറ്റ് ലാമ്പുകള്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, ഉയരമുള്ള ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാര്‍ തുടങ്ങിയവ ഫീച്ചറുകളും പുതിയ ബജാജ് പള്‍സര്‍ 220 എഫില്‍ തുടര്‍ന്നും ലഭ്യമാകും. മുന്‍വശത്ത് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ സൈഡഡ് ഷോക്ക് അബ്സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്.

220 സിസി സിംഗിള്‍-സിലിണ്ടര്‍ ഓയില്‍-കൂള്‍ഡ് ഫ്യൂവല്‍-ഇഞ്ചക്റ്റഡ് എഞ്ചിന്‍ ആണ് വാഹനത്തിന് തുടിപ്പേകുക. എഞ്ചില്‍ 8,500 rpm-ല്‍ 20 ബി.എച്ച്.പി പവര്‍ ഔട്ട്പുട്ടും 7,000 rpm-ല്‍ 18.55 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ഇണചേര്‍ത്തിരിക്കുന്നത്. പരിഷ്‌കാരങ്ങളുമായി വിപണിയിലെത്തിയ പള്‍സര്‍ 220 എഫ് രാജ്യത്തുടനീളമുള്ള ബജാജ് ഷോറൂമുകളില്‍ ഇതിനകം എത്തിച്ചേര്‍ന്നിട്ടുണ്ട്.

Advertisement