ഇ.എം.​ഐ മുടങ്ങിയാൽ കാറും അനങ്ങില്ല; ലോൺ എടുത്തിട്ട് മുങ്ങുന്നവരെ പൂട്ടാൻ പുതിയ വിദ്യയുമായി വാഹന കമ്പനി

Advertisement

തോന്നുംപടി വാഹനങ്ങൾ വാങ്ങുകയും എന്നിട്ട് ഇ.എം.ഐ അടയ്ക്കാതെ മുങ്ങിനടക്കുകയും ചെയ്യുന്നവരെ പൂട്ടാനൊരുങ്ങി വാഹന കമ്പനി. ഫോർഡ് മോട്ടോഴ്സാണ് പുതിയ സാ​ങ്കേതിക വിദ്യക്ക് പേറ്റന്റ് എടുത്തിരിക്കുന്നത്. കാര്‍ വിദൂരമായി പ്രവര്‍ത്തനരഹിതമാക്കാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണ് കമ്പനി സ്വന്തമാക്കിയത്.

പുതിയ സാ​ങ്കേതിക വിദ്യയെപ്പറ്റി പ്രാഥമിക വിവരങ്ങൾ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. പുതിയ സംവിധാനത്തിലൂടെ വിദൂരത്തിലിരുന്ന് എഞ്ചിന്‍ പ്രവര്‍ത്തനരഹിതമാക്കുന്നതിനോ വാഹനം ലോക്ക് ചെയ്യുന്നതിനോ എയര്‍ കണ്ടീഷനിങ് പോലുള്ള സുപ്രധാന ഫീച്ചറുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നതിനോ കഴിയുമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. നിലവില്‍ ഫോര്‍ഡ് കമ്പനി ഈ ടെക്‌നോളജി ഉപഭോക്താക്കളെ മുന്‍നിര്‍ത്തി ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഫോര്‍ഡ് മോട്ടോര്‍ പേറ്റന്റിന് അപേക്ഷിച്ച സാങ്കേതികവിദ്യയെ റീപോസിഷന്‍-ലിങ്ക്ഡ് ടെക്‌നോളജി എന്നാണ് വിളിക്കുന്നത്. ഉടമ മാസതവണ അടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കാറിന്റെ എയര്‍ കണ്ടീഷനിങ് ഓഫാക്കാനും അതിന്റെ ക്രൂസ് കണ്‍ട്രോള്‍, ഓട്ടോമേറ്റഡ് വിന്‍ഡോസ് ഫീച്ചറുകള്‍ പ്രവര്‍ത്തനരഹിതമാക്കാനും ഇതിന് കഴിയും. ഏറ്റവും മോശം സാഹചര്യത്തിലാണെങ്കില്‍ വാഹനത്തിന്റെ എഞ്ചിന്‍ ഓഫാക്കാനോ ആക്സിലറേറ്റര്‍ പ്രവര്‍ത്തനരഹിതമാക്കാനോ പോലും സാങ്കേതികവിദ്യ കാര്‍ നിര്‍മ്മാതാവിനെ സഹായിക്കും.

ഫോർഡിന് ഉടനൊന്നും ഈ സാ​ങ്കേതിക വിദ്യ തങ്ങളുടെ വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ പദ്ധതിയില്ലെന്ന് ഫോര്‍ഡ് വക്താവിനെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഒരു സാധാരണ ബിസിനസ് എന്ന നിലയിലാണ് ഞങ്ങള്‍ പുതിയ കണ്ടുപിടിത്തങ്ങളുടെ പേറ്റന്റുകള്‍ സമര്‍പ്പിക്കുന്നത്. പക്ഷേ അവ പുതിയ ബിസിനസിന്റെയോ പ്രൊഡക്ട് പ്ലാനുകളുടെയോ സൂചനയല്ല’ -ഫോർഡ് ഒഫിഷ്യൽ പറഞ്ഞു.

ഫോര്‍ഡിന്റെ പുതിയ നീക്കം വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യക്ക് പേറ്റന്റ് നല്‍കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. കാരണം ഇത് ദുരുപയോഗം ചെയ്യുമോ എന്ന കാര്യത്തില്‍ അമേരിക്കയിലെ ന്യായാധിപന്‍മാര്‍ രണ്ടുതട്ടിലാണ്.