രാജ്യത്തെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ കരുത്ത് തെളിയിക്കാനുറച്ച് ഹീറോ ഇലക്‌ട്രിക്. കമ്പനി തങ്ങളുടെ മോഡൽനിരയിലെ നിരവധി വാഹനങ്ങൾ പരിഷ്‍കരിച്ച് അവതരിപ്പിച്ചു. ഒപ്റ്റിമ സി.എക്സ് 5.0 ഡ്യുവൽ ബാറ്ററി, ഒപ്റ്റിമ സി.എക്സ് 2.0 സിംഗിൾ ബാറ്ററി, എൻ.വൈ.എക്സ് സി.എക്സ്. 5.0 ഡ്യുവൽ ബാറ്ററി എന്നിവയാണ് മാറ്റങ്ങളോടെ അവതരിപ്പിച്ചിരിക്കുന്നത്.
മികച്ച ഇൻ-ക്ലാസ് ബാറ്ററി പായ്ക്കും മെച്ചപ്പെടുത്തിയ സുരക്ഷയുടെയും അകമ്പടിയോടെയാണ് പുതിയ ശ്രേണിയെ ഹീറോ അണിനിരത്തുന്നത്. പുതുതായി പുറത്തിറക്കിയ ഒപ്റ്റിമ സി.എക്സ്5.0 ഡാർക്ക് മാറ്റ് ബ്ലൂ, മാറ്റ് മെറൂൺ എന്നീ നിറങ്ങളിൽ ലഭ്യമാണ്. അതേസമയം ഒപ്റ്റിമ സി.എക്സ്.20 ഡാർക്ക് മാറ്റ് ബ്ലൂ, ചാർക്കോൾ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാനാവും. ചാർക്കോൾ ബ്ലാക്ക്, പേൾ വൈറ്റ് കളർ ഓപ്ഷനുകളിൽ എൻ.വൈ.എക്സ് ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാം.
പുതിയ മോഡലുകൾ ജാപ്പനീസ് മോട്ടോർ സാങ്കേതികവിദ്യയോടെയാണ് വരുന്നതെന്നും ഇത് സുഗമമായ യാത്ര ഉറപ്പാക്കുമെന്നും കൃത്യമായ പെർഫോമൻസിനായി ഇ.വികൾ ജർമൻ ഇ.സി.യു സാങ്കേതികവിദ്യയുമായി വരുന്നതായും ഹീറോ ഇലക്ട്രിക് അവകാശപ്പെടുന്നു. പുതിയ മോഡലുകൾക്ക് ഹൈബർനേറ്റിംഗ് ബാറ്ററി ടെക്‌നോളജി, ഡൈനാമിക് സിൻക്രൊണൈസ്ഡ് പവർട്രെയിൻ തുടങ്ങിയ ഫീച്ചറുകൾ ലഭിക്കുന്നുണ്ടെന്നും കമ്പനി പറയുന്നു.
ഒപ്റ്റിമ സി.എക്സ്2.0 മോഡലിന് 1.9kW മോട്ടോറും 2kWh ബാറ്ററി പായ്ക്കുമാണ് തുടിപ്പേകുന്നത്. ഒറ്റ തവണ ചാർജ് ചെയ്‌താൽ ഏതാണ്ട് 89 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ കഴിവുള്ള ഇവിക്ക് 48 കി.മീ ആണ് പരമാവധി വേഗത. ഒപ്റ്റിമ സി.എക്സ്5.0 യിൽ 3kWh ബാറ്ററി പായ്ക്കുമായി ജോടിയാക്കിയ 1.9kW മോട്ടോറാണ് സജ്ജീകരിച്ചിരിക്കുന്നത്. 113 കിലോമീറ്റർ റേഞ്ചും 48 കിലോമീറ്ററിന്റെ പരമാവധി വേഗതയും ഇതിന് ലഭിക്കും. ഹീറോ ഇലക്ട്രിക് കംഫർട്ട്, സിറ്റി സ്പീഡ് സ്കൂട്ടറുകൾക്ക് യഥാക്രമം 85,000 രൂപ, 95,000 രൂപ, 1.05 ലക്ഷം രൂപ, 1.30 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.