ഇലക്ട്രിക് കാര്‍ വിപണിയില്‍ സ്റ്റാറായി ഹ്യുണ്ടായ് IONIQ 5

Advertisement

ന്യൂഡല്‍ഹി: രാജ്യത്ത് ഇലക്ട്രിക് കാറുകളുടെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.നേരത്തെ ടാറ്റ മോട്ടോഴ്സ് ഇലക്ട്രിക് കാര്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്തിയിരുന്നെങ്കിലും ഇപ്പോള്‍ മഹീന്ദ്രയില്‍ നിന്നും ഹ്യുണ്ടായിയില്‍ നിന്നും ടാറ്റ കടുത്ത മത്സരമാണ് നേരിടുന്നത്. ഇതിനിടയില്‍ ഹ്യുണ്ടായ് തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് കാറായ ഹ്യുണ്ടായ് IONIQ 5- ഉം ഇന്ത്യയില്‍ അവതരിപ്പിച്ചു കഴിഞ്ഞു. എല്ലാം കൊണ്ടും ഇതൊരു ഫീച്ചര്‍ ലോഡഡ് കാറാണ്.
വലിയ ബുക്കിംഗാണ് ആദ്യ രണ്ട് മാസങ്ങളില്‍ തന്നെ ഈ പ്രീമിയം ഇലക്ട്രിക് കാറിന് ലഭിച്ചത്.45.95 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില, Kia EV6-നേക്കാള്‍ 16 ലക്ഷം രൂപ കുറച്ച് നിങ്ങള്‍ക്ക് ഇത് വാങ്ങാം. IONIQ 5 ഇന്ത്യയില്‍ മാത്രമാണ് നിര്‍മ്മിക്കുന്നത്.
72.6kWh ബാറ്ററി പായ്ക്ക് ഹ്യുണ്ടായ് അയോണിക് 5-ല്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒറ്റ ചാര്‍ജില്‍ 631 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാന്‍ ഈ കാറിന് കഴിയും. റിയര്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനില്‍ മാത്രമേ IONIQ 5 ലഭ്യമാകൂ, അതിന്റെ ഇലക്ട്രിക് മോട്ടോര്‍ 217hp പവറും 350Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. 350kW DC ചാര്‍ജര്‍ വഴി വെറും 18 മിനിറ്റിനുള്ളില്‍ ഈ കാര്‍ 10% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാം. ഈ പ്രീമിയം ഇവിയുടെ ഹെഡ്ലൈറ്റുകളും ടെയില്‍ ലൈറ്റുകളും പിക്സലേറ്റഡ് രൂപത്തിലാണ് വരുന്നത്.
ഈ കാര്‍ 20 ഇഞ്ച് വീലുകളോടെയാണ് വരുന്നത്, അവ എയ്റോ ഒപ്റ്റിമൈസ് ചെയ്തിരിക്കുന്നു. ഗ്രാവിറ്റി ഗോള്‍ഡ് മാറ്റ്, ഒപ്റ്റിക് വൈറ്റ്, മിഡ്നൈറ്റ് ബ്ലാക്ക് പേള്‍ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഈ കാര്‍ വാങ്ങാം. ഫീച്ചര്‍ നോക്കിയാല്‍ ഡ്യുവല്‍ 12.3 ഇഞ്ച് സ്‌ക്രീനുകള്‍ ലഭിക്കുന്നു, ഒന്ന് ഡ്രൈവര്‍ ഡിസ്പ്ലേ യൂണിറ്റും മറ്റൊന്ന് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഡിസ്പ്ലേയുമായിരിക്കും. ഇതുകൂടാതെ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ADAS ലെവല്‍ 2, പവര്‍ സീറ്റുകള്‍, ആറ് എയര്‍ബാഗുകള്‍, വെഹിക്കിള്‍-ടു-ലോഡ് ഫംഗ്ഷന്‍ (V2L) തുടങ്ങിയ ഫീച്ചറുകള്‍ ഈ കാറില്‍ ലഭ്യമാണ്. വെറും 7.6 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഈ കാറിന് കഴിയും.

Advertisement