ഹീറോ മോട്ടോകോര്‍പ്പ് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഹീറോ പ്രീമിയം ബൈക്കുകളുടെ നാല് പുതിയ മോഡലുകള്‍ അവതരിപ്പിക്കും

Advertisement

പ്രീമിയം മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കുക എന്ന ലക്ഷ്യത്തോടെ, ഹീറോ മോട്ടോകോര്‍പ്പ് അടുത്ത മൂന്നുമുതല്‍ നാല് വര്‍ഷത്തിനുള്ളില്‍ നാല് പുതിയ മോഡലുകള്‍ അവതരിപ്പിക്കും. വരാനിരിക്കുന്ന ഹീറോ പ്രീമിയം ബൈക്കുകള്‍ കോര്‍ പ്രീമിയം, അപ്പര്‍ പ്രീമിയം എന്നിങ്ങനെ രണ്ട് വ്യത്യസ്ത വിഭാഗങ്ങളില്‍ പെടും. നിലവില്‍, കമ്പനി മൂന്ന് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ കരിസ്മ XMR 210-ന് കരുത്ത് പകരുന്ന 210cc ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍, 420cc ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍, ഹാര്‍ലി-ഡേവിഡ്സണ്‍ X440-ന് കരുത്ത് പകരുന്ന 440 സിസി ഓയില്‍-കൂള്‍ഡ് മോട്ടോര്‍ എന്നിവയാണവ.
പ്രീമിയം മോട്ടോര്‍സൈക്കിള്‍ രംഗത്തെ വളര്‍ച്ചയില്‍ ഹാര്‍ലി-ഡേവിഡ്സണ്‍ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ്പിന്റെ ചെയര്‍മാന്‍ പവന്‍ മുഞ്ജല്‍ അടുത്തിടെ പറഞ്ഞു. ഹാര്‍ലി-ഡേവിഡ്സണുമായി ചേര്‍ന്ന് തങ്ങള്‍ ആദ്യമായി സംയുക്തമായി വികസിപ്പിച്ച ഹാര്‍ലി X440-യ്ക്ക് വാങ്ങുന്നവരില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുകയാണെങ്കില്‍, ആഗോള തലത്തില്‍ പങ്കാളിത്തം വിപുലീകരിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹാര്‍ലി-ഡേവിഡ്സണ്‍ X440-ന്റെ അതേ പ്ലാറ്റ്ഫോമില്‍ അധിഷ്ഠിതമായ ഹീറോയുടെ പുതിയ പ്രീമിയം ബൈക്ക് 2024-ല്‍ ആദ്യം പുറത്തിറക്കുമെന്നും മുഞ്ജാല്‍ വെളിപ്പെടുത്തി.
വരാനിരിക്കുന്ന ഹീറോ പ്രീമിയം ബൈക്കിന് എക്സ്ട്രീം 440R എന്ന് പേരിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 440 സിസി സിംഗിള്‍-സിലിണ്ടര്‍, 2-വാല്‍വ്, ഓയില്‍-കൂള്‍ഡ് എഞ്ചിന്‍ ഉപയോഗിക്കുന്ന ഹാര്‍ലി-ഡേവിഡ്സണ്‍ X440-യുമായി മോഡല്‍ അതിന്റെ പവര്‍ട്രെയിന്‍ പങ്കിടും. 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ എഞ്ചിന്‍, 27bhp കരുത്തും 38Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. പുതിയ ഹീറോ എക്സ്ട്രീം 440R അതിന്റെ ഡിസൈന്‍ ഘടകങ്ങളും സവിശേഷതകളും ഹാര്‍ലി-ഡേവിഡ്സണ്‍ X440-മായി പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.

വരും മാസങ്ങളില്‍ പൂര്‍ണ്ണമായി ഫെയര്‍ ചെയ്ത കരിസ്മ XMR 210 പുറത്തിറക്കാന്‍ ഹീറോ മോട്ടോര്‍ കോര്‍പ്പ് ഒരുങ്ങുകയാണ്. മുന്‍ഭാഗം ഷാര്‍പ്പായതും ഉയരമുള്ളതുമായ ഹാന്‍ഡില്‍ബാറുകള്‍, സ്ലീക്കര്‍ ടെയില്‍ പ്രൊഫൈല്‍ എന്നിവയുള്ള തികച്ചും പുതിയ ഡിസൈന്‍ ഭാഷയാണ് മോഡലിന്റെ സവിശേഷത. കരുത്തിനായി, ബൈക്കില്‍ 210 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ഉപയോഗിക്കും. ഈ എഞ്ചിന്‍ 25 ബിഎച്ച്പിയും 30 എന്‍എം ടോര്‍ക്കും നല്‍കും.

Advertisement