ഇന്ത്യന്‍ സൈന്യത്തിന്റെ വാഹന നിരയിലേക്ക് മഹീന്ദ്രയുടെ 1850 സ്‌കോര്‍പിയോ ക്ലാസിക്

Advertisement

ഇന്ത്യന്‍ സൈന്യത്തിന്റെ വാഹന നിരയിലേക്ക് മഹീന്ദ്രയുടെ 1850 സ്‌കോര്‍പിയോ ക്ലാസിക് എത്തുന്നു. നേരത്തെ കൈമാറിയ 1470 എസ്‌യുവികള്‍ കൂടാതെയാണ് പുതിയ വാഹനങ്ങളും എത്തിയിരിക്കുന്നത്. പുതിയ വാഹനങ്ങള്‍ എത്തുന്ന വിവരം മഹീന്ദ്ര തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് ഐതിഹാസിക വാഹനത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതില്‍ അഭിമാനമുണ്ടെന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് മഹീന്ദ്ര അറിയിച്ചത്.
ടാറ്റ സഫാരി, മാരുതി സുസുകി ജിപ്സി, ഫോഴ്സ് ഗൂര്‍ഖ, ടാറ്റ സെനോന്‍ എന്നിങ്ങനെ പലതരത്തിലുള്ള യാത്രാ വാഹനങ്ങള്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിക്കാറുണ്ട്. ഈ നിരയിലേക്കാണ് മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് കൂടി എത്തിയിരിക്കുന്നത്. സൈന്യത്തിന്റെ ആവശ്യത്തിനായതിനാല്‍ എന്തൊക്കെ മാറ്റങ്ങളാണ് മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്കില്‍ വരുത്തിയിട്ടുള്ളതെന്ന് വ്യക്തമല്ല. സ്‌കോര്‍പിയോ ക്ലാസികിന്റെ 2.2 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന് 130 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കാനുള്ള ശേഷിയുമുണ്ട്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഈ വാഹനത്തിനുളളത്.
കാഴ്ചയില്‍ തന്നെ പുതുമയോടെയാണ് മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് വിപണിയിലേക്കെത്തിയത്. പുത്തന്‍ ഗ്രില്ലും മാറ്റം വരുത്തിയ മുന്‍ ബംപറും മാറ്റങ്ങള്‍ വരുത്തിയ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ് ലൈറ്റും അലോയ് വീലില്‍ വന്ന മാറ്റങ്ങളും പിന്നിലെ ടെയ്ല്‍ ലൈറ്റിലെ രൂപമാറ്റങ്ങളുമൊക്കെയാണ് മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്കിന്റെ രൂപ മാറ്റത്തിന് പങ്കുവഹിച്ചത്. ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍ ഒമ്പത് ഇഞ്ച് ആക്കിയതിന് പുറമേ കാബിനിലും മാറ്റങ്ങള്‍ വരുത്തിയാണ് മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് പുറത്തിറങ്ങിയത്.

Advertisement