പുതിയ രൂപത്തില്‍ ഭാവത്തില്‍ കരിസ്മ

Advertisement

ഹീറോ മോട്ടോകോര്‍പ്പ് പുതിയ കരിസ്മ പുറത്തിറക്കി. മിഡ്-റേഞ്ച് സ്‌പോര്‍ട്-ടൂറര്‍ ശ്രേണിയില്‍ വിറ്റിരുന്ന കരിസ്മ ബ്രാന്‍ഡ്, കരിസ്മ XMR 210 എന്ന പേരിലാണ് വീണ്ടും അവതരിപ്പിച്ചത്. 1,82,900 രൂപയ്ക്കാണ് പുതിയ ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. ആദ്യം വാങ്ങുന്നവര്‍ക്ക് 10,000 രൂപ പ്രാരംഭ കിഴിവായി ലഭിക്കും. അങ്ങനെയെങ്കില്‍ 1,72,900 രൂപയാണ് വിലയായി വരിക.
നടനും ബ്രാന്‍ഡ് അംബാസഡറുമായ ഹൃത്വിക് റോഷനാണ് പുതിയ ബൈക്ക് അവതരിപ്പിച്ചത്. ഐക്കണിക്ക് യെല്ലോ, ടര്‍ബോ റെഡ്, മാറ്റ് ഫാന്റം ബ്ലാക്ക് എന്നി മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. പുതിയ തലമുറയിലെ ബൈക്ക് യാത്രികരെ മനസ്സില്‍ വെച്ചാണ് കരിസ്മ XMR 210 പുറത്തിറക്കിയിരിക്കുന്നത്. പുതിയ രൂപത്തിലാണ് ഹീറോ മോട്ടോകോര്‍പ്പ് ബൈക്ക് അവതരിപ്പിച്ചത്.
210cc സിംഗിള്‍-സിലിണ്ടര്‍, 4V, DOHC, ലിക്വിഡ്-കൂള്‍ഡ് യൂണിറ്റ് 9250 RPMല്‍ 25.5 പവറും 7250 RPMല്‍ 20.4 Nm torque കരുത്തും ഉല്‍പ്പാദിപ്പിക്കുന്നു. ഹീറോ മോട്ടോകോര്‍പ്പിന്റെ കണക്കനുസരിച്ച് മണിക്കൂറില്‍ 140 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. ലിക്വിഡ് കൂള്‍ സെറ്റപ്പില്‍ ഡ്യുവല്‍-ചാനല്‍ എബിഎസ്, സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ച്, 6-സ്പീഡ് ഗിയര്‍ബോക്സ്, തടിച്ച പിന്‍ ടയര്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
പുതിയ എല്‍ഇഡി ലൈറ്റുകളും ഇന്‍ഡിക്കേറ്ററുകളും മിനുസമാര്‍ന്ന ഇന്ധന ടാങ്കും മൂര്‍ച്ചയുള്ള ലൈനുകളും പുതിയ കാലത്തെ മാറ്റങ്ങള്‍ക്ക് അനുസരിച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബൈക്കിന് ഒരു പുതിയ സമ്പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ട്. ഇതില്‍ ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, തീയതി, സമയം, യാത്ര, ഓഡോമീറ്റര്‍ റീഡിംഗ്, ഫ്യൂവല്‍ ലെവല്‍, ടാക്കോമീറ്റര്‍, സ്പീഡോമീറ്റര്‍ റീഡിംഗുകള്‍ തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നു.കോളുകളെക്കുറിച്ചും മറ്റ് അറിയിപ്പുകളെക്കുറിച്ചും റൈഡര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചറാണ് മറ്റൊന്ന്. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും ബൈക്കിനുണ്ട്.

Advertisement