നാനോ ഇതാ പുനരവതാരത്തിന് തയ്യാറാകുന്നു,ഞെട്ടിക്കും ഫീച്ചറുകള്‍

Advertisement

ന്യൂഡല്‍ഹി. വാഹന മേഖലയില്‍ ആഘാതമായാണ് നാനോ വന്നത്, ടാറ്റാ മോട്ടേഴ്സിന്റെ നാനോ എന്ന കുഞ്ഞന്‍ കാര്‍ ഇതാ പുനരവതാരത്തിന് തയ്യാറാകുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വില കുറവുള്ള കാര്‍ എന്ന നിലയില്‍ എല്ലാവരും കൗതുകത്തോടെയാണ് നാനോയെ കണ്ടത്. എന്നാല്‍ പ്രതീക്ഷിച്ച തരംഗം സൃഷ്ടിക്കാന്‍ കഴിയാതെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് നാനോ കാറിനെ ടാറ്റ മോട്ടേഴ്സിന് പിന്‍വലിക്കേണ്ടി വന്നു. ആളുകളുടെ മനസില്‍ തങ്ങിനില്‍ക്കുന്ന ആ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കാന്‍ നാനോയുടെ പേരില്‍ പുതിയ എസ്യുവി ഇറക്കാനുള്ള നീക്കത്തിലാണ് ടാറ്റ.

അടുത്തകാലത്ത് തന്നെ പുതിയ എസ്യുവി ഇറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണക്കാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി മൈലേജിന് കൂടുതല്‍ പ്രാധാന്യം നല്‍കി കാര്‍ ഇറക്കാനാണ് കമ്ബനിയുടെ ആലോചന. സിഎന്‍ജി, പെട്രോള്‍ വേരിയന്റുകളില്‍ നിരവധി ഫീച്ചറുകളോടെയായിരിക്കും പുതിയ കാര്‍ വിപണിയില്‍ എത്തുക. കാര്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്ന തീയതി സംബന്ധിച്ച് കമ്ബനി പ്രഖ്യാപനം നടത്തിയിട്ടില്ല.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മൊബൈല്‍ കണക്റ്റിവിറ്റി സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സിസ്റ്റം, യുഎസ്ബി ചാര്‍ജിംഗ് സപ്പോര്‍ട്ട്, 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ തുടങ്ങി നിരവധി മികച്ച ഫീച്ചറുകള്‍ ഇതില്‍ കാണാം. ആന്റിലോഗ് ബ്രേക്കിംഗ് സിസ്റ്റം, എയര്‍ബാഗുകള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ടാറ്റയുടെ ഈ പുതിയ വാഹനത്തിനുള്ളില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൈലേജ് ആയിരിക്കും ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുക. നാനോ എസ്യുവി കാറില്‍ കമ്ബനി 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 1.2 ലിറ്റര്‍ സിഎന്‍ജി എഞ്ചിനും ഉപയോഗിക്കുമെന്നാണ് വിവരം. സിഎന്‍ജി വേരിയന്റില്‍ 50 കിലോമീറ്റര്‍ മൈലേജ് ഉറപ്പുനല്‍കാന്‍ കഴിഞ്ഞേക്കും. പെട്രോള്‍ വേരിയന്റില്‍ ലിറ്ററിന് 40 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കാന്‍ കഴിയുന്ന തരത്തില്‍ വാഹനം ഇറക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2.50 ലക്ഷം രൂപ മുതല്‍ നാലുലക്ഷം രൂപ വരെ വിലയില്‍ വാഹനം ലഭിക്കാന്‍ സാധ്യതയുണ്ട്. തുടക്കത്തില്‍ നിരവധി ഓഫറുകളോടെ വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് സാധ്യത.