വ്യത്യസ്തമായ ഡിസൈനിലുള്ള വാഹന കണ്‍സെപ്റ്റുമായി വാഹന നിര്‍മാതാക്കളായ ജാഗ്വര്‍. ടൈപ്പ് 00 എന്ന തങ്ങളുടെ പുതിയ ഇലക്ട്രിക് കാറിന്റെ കണ്‍സെപ്റ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. മയാമി ആര്‍ട്ട് വീക്ക് 2024ലായിരുന്നു അവതരണം. കോപ്പി നതിങ് എന്ന പുതിയ ടാഗ് ലൈനോടെയാണ് വാഹനം അവതരിപ്പിച്ചിട്ടുള്ളത്.
വ്യത്യസ്തമായ ഡിസൈനാണ് വാഹനത്തിന് നല്‍കിയിട്ടുള്ളത്. ഗ്രാന്‍ഡ് ടൂററുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് ഡിസൈന്‍. ബോക്‌സി ഡിസൈനും നീളമേറിയ ബോണറ്റുമെല്ലാം വാഹനത്തെ വ്യത്യസ്തമാക്കുന്നു. അതേമസയം, പിന്‍ഭാഗത്ത് കൂപ്പെക്ക് സമാനമായ റൂഫ്‌ലൈനാണുള്ളത്.
ബ്രാന്‍ഡിന്റെ പുതിയ ഡിവൈസ് മാര്‍ക്ക് ലോഗോയും മുന്നില്‍ കാണാം. വീതി കുറഞ്ഞ ലൈറ്റ് യൂനിറ്റുകള്‍ ബോണറ്റിന് മുകളിലും ബംപറിന് താഴെയുമായി നല്‍കിയിട്ടുണ്ട്. വാഹനത്തിന്റെ പിന്‍വശത്തും വ്യത്യസ്ത രൂപമാണ് നല്‍കിയിട്ടുള്ളത്.
വളരെ മിനിമലായിട്ടുള്ള ഡിസൈനാണ് ഇന്റീരിയറില്‍. ഡ്രൈവറുടെ കാബിനും പാസഞ്ചര്‍ സീറ്റും തമ്മില്‍ കണ്‍സോള്‍ ഉപയോഗിച്ച് വേര്‍തിരിച്ചിരിട്ടുണ്ട്.
2025 അവസാനത്തോടെയായിരിക്കും വാഹനം വിപണിയില്‍ എത്തുക. മോട്ടോര്‍, ബാറ്ററി തുടങ്ങിയ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. 770 കിലോമീറ്റര്‍ റേഞ്ചുണ്ടാകുമെന്നാണ് കമ്പനി പറയുന്നത്. 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 321 കിലോമീറ്റര്‍ സഞ്ചരിക്കാനാകും.