ടാറ്റ അൾട്രോസ് എക്‌സ് ടി ഡാർക്ക് എഡിഷൻ പുറത്തിറങ്ങി

Advertisement

ന്യൂഡൽഹി: ഹാച്ച്‌ബാക്കിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്‌ ടാറ്റ മോട്ടോഴ്സ് ആൾട്രോസിന്റെ ഡാർക്ക് എഡിഷൻ ശ്രേണി വിപുലീകരിച്ചു.

അൾട്രോസ് ഡാർക്ക് എഡിഷൻ ഇപ്പോൾ മിഡ് ലെവൽ എക്‌സ് ടി ട്രിമ്മിൽ ലഭ്യമാണ്. ഇതിന്റെ വില 7.96 ലക്ഷം (എക്‌സ്-ഷോറൂം, ഡൽഹി) രൂപയിലാണ് ആരംഭിക്കുന്നത്.

അൾട്രോസ് എക്‌സ് ടി ഡാർക്ക് പെട്രോളിന് സാധാരണ അൾട്രോസ് എക്‌സ് ടി പെട്രോളിനേക്കാൾ 46,000 രൂപ കൂടുതലാണ്. പുതിയ അൾട്രോസ് എക്സ് ടി ഡാർക്ക് 86എച്ച്‌പി, 1.2ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റ് അല്ലെങ്കിൽ കൂടുതൽ ശക്തമായ 110എച്ച്‌പി, 1.2ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ എന്നിവയിൽ ലഭ്യമാണ്. ഇവ രണ്ടിനും 5-സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമേ ലഭിക്കൂ. അൾട്രോസ് എക്‌സ് ടി ഡാർക്ക് ടർബോ പെട്രോളിന്റെ വിലകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ സ്റ്റാൻഡേർഡ് അൾട്രോസ് എക്‌സ് ടി ഐ ടർബോയേക്കാൾ (8.10 ലക്ഷം രൂപ) 40,000-50,000 രൂപയുടെ വർധനവ് പ്രതീക്ഷിക്കുന്നു.

സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് അൾട്രോസ് എക്‌സ് ഇസെഡ് പ്ലസ് ഡാർക്കിലേക്ക് വരുമ്പോൾ 90 എച്ച്‌പി, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനും ടാറ്റ ചേർത്തു. അൾട്രോസ് എക്‌സ് ഇസെഡ് പ്ലസ് നേരത്തെ രണ്ട് പെട്രോൾ എഞ്ചിനുകളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നിരുന്നാലും, അൾട്രോസ് എക്‌സ് ഇസെഡ് പ്ലസ് ഡാർക്ക് ഡീസലിന്റെ വില ടാറ്റ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സ്റ്റാൻഡേർഡ് അൾട്രോസ് എക്‌സ് ഇസെഡ് പ്ലസ് ഡീസൽ വില 9.70 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം, ഡൽഹി). അതിനാൽ ഡാർക്ക് പതിപ്പിന് ഏകദേശം 40,000-50,000 രൂപ കൂടുതൽ വില പ്രതീക്ഷിക്കാം. എല്ലാ അൾട്രോസ് എക്‌സ് ടി പ്ലസ് ഡാർക്ക് മോഡലുകൾക്കും ഇപ്പോൾ ബ്രേക്ക് സ്വേ കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ അധിക സുരക്ഷാ ഫീച്ചറുകൾ ലഭിക്കും.