ഇലക്‌ട്രിക് ഇരുചക്ര വാഹന രംഗത്തേയ്ക്ക് ഇനി ഹീറോയും
ന്യൂഡൽഹി: കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് ഒരു ഇലക്‌ട്രിക് സ്‌കൂട്ടർ പ്രോട്ടോടൈപ്പ് പ്രദർശിപ്പിച്ചിരുന്നു.
ഈ മോഡലിന്റെ അരങ്ങേറ്റം ഈ വർഷം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 2022 മാർച്ചിൽ ആദ്യത്തെ സീറോ എമിഷൻ ഉൽപ്പന്നത്തിന്റെ അരങ്ങേറ്റത്തോടെ ഇലക്‌ട്രിക് വാഹന രംഗത്തേക്ക് ചുവടുവെക്കുമെന്നാണ് ലഭിക്കുന്ന വിവരം. വിദേശത്ത് വിൽക്കുന്ന ഗോഗോറോ ശ്രേണിയിലുള്ള സ്‌കൂട്ടറുകളുമായി പ്രോട്ടോടൈപ്പിന് വളരെ കുറച്ച് സാമ്യമുണ്ട്. ഹീറോ മോട്ടോകോർപ്പ് ഇന്ത്യയിലെ ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യയ്ക്കായി തായ്വാൻ ആസ്ഥാനമായുള്ള ഗോഗോറോയുമായി ഇതിനോടകം തന്നെ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
വരാനിരിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടർ പ്രോട്ടോടൈപ്പിന് മിഡ് മൗണ്ടഡ് ഇലക്‌ട്രിക് മോട്ടോറും സിംഗിൾ സൈഡ് റിയർ സസ്‌പെൻഷനും ഉള്ളതായി റിപ്പോർട്ടിൽ പറയുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുള്ള ബ്രാൻഡിന്റെ നിർമ്മാണ യൂണിറ്റിൽ നിന്നാണ് ഇത് പുറത്തിറക്കുന്നത്. ഗാർഡൻ ഫാക്ടറി എന്ന് വിളിക്കപ്പെടുന്ന ഇത് കഴിഞ്ഞ മാർച്ചിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ പാദത്തിൽ 12.92 ലക്ഷം യൂണിറ്റ് വിൽപ്പനയാണ് ബ്രാൻഡ് റിപ്പോർട്ട് ചെയ്തത്. 2022-23 സാമ്പത്തിക വർഷത്തിൽ കൂടുതൽ വിപുലമായ സാമ്പത്തിക വീണ്ടെടുക്കൽ പ്രതീക്ഷിക്കുന്നതായി ഹീറോ മോട്ടോകോർപ്പ് വ്യക്തമാക്കി.
ബെംഗളുരു ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പായ ഏഥർ എനർജിയിലും ഗൊഗോറോയിലും ഹീറോ നിക്ഷേപം തുടരുന്നുണ്ട്. കൂടാതെ ഒരു ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിന് ഒന്നിലധികം ബ്രാൻഡുമായി സഹകരിക്കുമെന്നും കമ്ബനി വ്യക്തമാക്കി. ഇന്ത്യയിലുടനീളമുള്ള ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾക്കായി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിന് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി ഹീറോ പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. ഹീറോയുടെ പ്രധാന എതിരാളികളായ ബജാജ് ഓട്ടോയും ടിവിഎസ് മോട്ടോർ കമ്പനിയും ഇതിനകം തന്നെ ഇവി രംഗത്തേക്ക് പ്രവേശിച്ചുകഴിഞ്ഞു.