ഇലക്‌ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിനും വിൽപ്പനയ്ക്കുമായി വാഹന നിർമാതാക്കളായ ഹോണ്ട മോട്ടർ കമ്പനി ലിമിറ്റഡും ഇലക്‌ട്രോണിക്സ് ഉത്പന്ന നിർമാതാക്കളായ സോണി കോർപ്പറേഷനും കൈകോർക്കുന്നു.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്‌ട്രിക് വാഹനങ്ങൾ വികസിപ്പിക്കുന്നതിനും വിൽക്കുന്നതിനുമായി പരസ്പരം സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഇരു കമ്പനികളും അറിയിച്ചു.
അടുത്ത തലമുറ വാഹനങ്ങളായ ഇലക്‌ട്രിക് വാഹന നിർമ്മാണ രംഗത്ത് പ്രധാനികളാകാനുള്ള ശ്രമങ്ങളിലാണ് ഇലക്‌ട്രോണിക്സ് നിർമ്മാതാക്കളായ സോണി. ഇലക്‌ട്രിക് വാഹനങ്ങൾ വികസിപ്പിക്കുന്നതിനായി ഈ വർഷം സംയുക്ത സംരംഭം രൂപീകരിക്കാനാണ് കമ്പനികളുടെ തീരുമാനം.
2025ൽ ആദ്യ മോഡലിന്റെ വിൽപ്പന ആരംഭിക്കാൻ ലക്ഷ്യമിടുന്നതായി ഇരു കമ്പനികളും പ്രസ്താവനയിൽ പറഞ്ഞു. സോണിക്ക് ആയിരിക്കും മൊബിലിറ്റി സർവീസ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിന്റെ ചുമതല. അതേസമയം ആദ്യ മോഡലിന്റെ നിർമ്മാണ ചുമതല ഹോണ്ടയ്ക്ക് ആയിരിക്കും.
സോണിയുടെ ചീഫ് എക്‌സിക്യൂട്ടീവ് കെനിചിരോ യോഷിഡ ജനുവരിയിൽ സോണി മൊബിലിറ്റി എന്ന പുതിയ കമ്പനി രൂപീകരിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. ഇലക്‌ട്രിക് വാഹനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കാനുള്ള അവസരങ്ങൾ തേടുകയാണെന്ന് കമ്പനി പറഞ്ഞു. ബാറ്ററി ഇലക്‌ട്രിക് വാഹനങ്ങൾ സംയുക്തമായി വികസിപ്പിക്കുന്നതിനും വാണിജ്യാടിസ്ഥാനത്തിൽ വിൽക്കുന്നതിനും ഒരു പുതിയ കമ്പനി സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ധാരണാപത്രത്തിൽ ഹോണ്ടയും സോണിയും ഒപ്പു വെച്ചു.
ഇരുകമ്പനികളും തമ്മിലുള്ള കരാർ പ്രകാരം ഹോണ്ടയുടെ മൊബിലിറ്റി ഡെവലപ്‌മെന്റ് ശേഷി, വാഹന ബോഡി നിർമ്മാണ സാങ്കേതികവിദ്യ, വിൽപ്പനാനന്തര സേവന മാനേജ്‌മെന്റ് അനുഭവം എന്നിവ സംയുക്ത സംരംഭത്തിൽ ഉപയോഗപ്പെടുത്തും. ഇമേജിങ്, സെൻസിങ്, ടെലികമ്മ്യൂണിക്കേഷൻ, നെറ്റ്‌വർക്ക്, എന്നിവയുടെ വികസനത്തിലും ആപ്ലിക്കേഷനിലും വിനോദ സാങ്കേതിക വിദ്യകളിലും സോണിയുടെ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തും.
കൺസ്യൂമർ ഇലക്ട്രോണിക്സ് രംഗത്തെ പ്രബലരായിരുന്ന സോണിയുടെ ആധിപത്യത്തിന് ഇടിവ് സംഭവിച്ചത് ദക്ഷിണ കൊറിയയിലെ സാംസംഗ് ഇലക്‌ട്രോണിക്‌സ് കമ്പനി പോലുള്ള ഏഷ്യൻ എതിരാളികളുടെ വരവോടെയാണ്. എന്നിരുന്നാലും സെൽഫ് ഡ്രൈവിങ് വാഹനങ്ങൾക്ക് നിർണായകമായ സെൻസറുകൾ പോലുള്ള മേഖലകളിൽ സോണിക്ക് ഇപ്പോഴും അത്യാധുനിക സാങ്കേതികവിദ്യകളുടെ ശേഖരമുണ്ട്.
ആഗോളതലത്തിൽ ആപ്പിൾ, ഗൂഗിൾ പോലുള്ള വൻകിട ടെക്നോളജി കമ്പനികൾ സ്വന്തമായി ഇലക്‌ട്രിക് വാഹനങ്ങൾ വികസിപ്പിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ്. ലോകമെമ്പാടും ഇലക്‌ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ അസാധാരണമായ വളർച്ചയാണ് കഴിഞ്ഞ വർഷം ഉണ്ടായത്.
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി കാർബൺ പുറന്തള്ളൽ സംബന്ധിച്ച മാനദണ്ഡങ്ങൾ കർശനമാക്കിയതും ഇലക്‌ട്രിക് വാഹനങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ രാജ്യങ്ങൾ സ്വീകരിച്ചിട്ടുള്ള നടപടികളുമാണ് ഇലക്‌ട്രിക് വാഹന വിൽപ്പനയിലെ ഈ കുതിപ്പിനു പിന്നിലെ കാരണം.