ന്യൂഡൽഹി: ഫ്രഞ്ച് വാഹന നിർമ്മാതാക്കൾ ഇന്ത്യയിൽ വിൽക്കുന്ന ജനപ്രിയ എസ് യുവി മോഡലുകളിലൊന്നാണ് റെനോ ഡസ്റ്റർ.
2010 മുതൽ, റെനോ ഡസ്റ്റർ ലോകമെമ്പാടും ഇരുപത് ലക്ഷത്തിലധികം യൂണിറ്റുകൾ വിൽപ്പന നടത്തിയതായാണ് റിപ്പോർട്ടുകൾ. ഇപ്പോൾ കമ്പനി പുതിയ പദ്ധതിയുമായാണ് വന്നിരിക്കുന്നത്. 2024ൽ, ഒരു പുതിയ മൂന്നാം തലമുറ കാർ ഡെലിവർ ചെയ്യാൻ റെനോ പദ്ധതിയിടുന്നു. ബ്രാൻഡിന്റെ താങ്ങാവുന്ന വിലയും ഓഫ് റോഡ് കഴിവുകളും നിലനിർത്തിക്കൊണ്ട്, പുതിയ സാങ്കേതികവിദ്യയിലുള്ള പരിഷ്‌കരിച്ച പതിപ്പായിരിക്കും വാഹനം.
കാർസ്‌കൂപ്സ് പുതിയ ഡസ്റ്ററിന്റെ രൂപകൽപ്പനയുടെ ഒരു റെൻഡറിംഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കാർ ഡാസിയ ബിഗ്സ്റ്ററിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ബിഗ്സ്റ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ, ഡസ്റ്റർ വലുപ്പത്തിൽ അൽപം ചെറുതായിരിക്കും. മസ്‌കുലാർ ബമ്പർ, എൽഇഡി ഹെഡ്ലൈറ്റുകൾ, മുൻവശത്ത് സിൽവർ സ്‌കിഡ് പ്ലേറ്റുകളുള്ള ഹണികോംബ് ആകൃതിയിലുള്ള ഗ്രിൽ എന്നിവയെല്ലാം റെനോ ഡസ്റ്ററിന്റെ സവിശേഷതകളാണ്. ഈ എസ് യുവിക്ക് അഞ്ച് ഡോറുകൾ ഉണ്ടായിരിക്കും.
സിഎംഎഫ്-ബി ആർക്കിടെക്ചറിന് കീഴിലാണ് റെനോ ഡസ്റ്റർ വികസിപ്പിക്കുന്നത്. 2023-2024 ഓടെ പുതിയ ഡസ്റ്റർ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. പുതിയ വാഹനം ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മഹീന്ദ്ര എക്‌സ് യുവി300 എന്നിവയെ ആയിരിക്കും നേരിടുക. വരാനിരിക്കുന്ന റെനോ ഡസ്റ്ററിന് ബിഎസ് 6 മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാൻ പെട്രോൾ-ഹൈബ്രിഡ് എഞ്ചിൻ നൽകാനുള്ള മികച്ച അവസരമുണ്ട്.