ബാങ്ക് അക്കൗണ്ട് ഉടമകള്‍ പലപ്പോഴും ആശങ്കയോടെ സമീപിക്കുന്ന വിഷയമാണ് മിനിമം ബാലന്‍സ് തുക അക്കൗണ്ടില്‍ ഉണ്ടാകണം എന്നത്. ഈ പരിധിയില്‍ കുറവാണ് അക്കൗണ്ടിലുള്ളതെങ്കില്‍ ബാങ്ക് പിഴ ചുമത്തും എന്നതാണ് ഇതിനുള്ള കാരണം. പിന്നീട് അക്കൗണ്ടിലേയ്ക്ക് എന്തെങ്കിലും നിര്‍ദ്ദിഷ്ട കാര്യത്തിന് പണം നിക്ഷേപിക്കുമ്പോഴായിരിക്കും ചിലപ്പോള്‍ ബാങ്ക് പിഴ തുക ഈടാക്കുക. ഇഎംഐ പിഴ കൂടാതെ അടയ്ക്കേണ്ട അവസാന ദിവസമാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ അധിക തുക നഷ്ടമാകുമെന്നത് തീര്‍ച്ചയാണ്.
എന്നാല്‍ അപ്രതീക്ഷിതമായി സേവിംഗ് അക്കൗണ്ട് ഉടമകളില്‍ നിന്ന് ഇത്തരത്തിലുള്ള പിഴ ഈടാക്കാനാകില്ല എന്നാണ് ആര്‍ബിഐ വ്യക്തമാക്കുന്നത്. മിനിമം ബാലന്‍സ് സംബന്ധിച്ച് പിഴ ഈടാക്കുകയാണെങ്കില്‍ അത് ഏതെങ്കിലും മാര്‍ഗം മുഖേനെ അക്കൗണ്ട് ഉടമയെ അറിയിക്കണമെന്നാണ് ബാങ്കുകളോട് ആര്‍ബിഐ നിര്‍ദേശിക്കുന്നത്.
സേവിംഗ്സ് അക്കൗണ്ട് തുറക്കുന്ന സമയത്ത് തന്നെ മിനിമം ബാലന്‍സിനെക്കുറിച്ചും അത് നിലനിര്‍ത്തിയില്ലെങ്കില്‍ ഈടാക്കുന്ന പിഴയെക്കുറിച്ചും ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് കൃത്യമായ അവബോധം നല്‍കണമെന്നാണ് ആര്‍ബിഐ അറിയിക്കുന്നത്.
കൂടാതെ പിഴ ഈടാക്കി ബാലന്‍സ് നെഗറ്റീവാക്കരുതെന്നും നിര്‍ദേശിക്കുന്നുണ്ട്. നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ അക്കൗണ്ട് ഉടമ മിനിമം ബാലന്‍സ് വീണ്ടെടുത്തില്ലെങ്കില്‍, (അക്കൗണ്ടിലെ തുക മിനിമം ബാലന്‍സിലും കുറവായി കുറഞ്ഞത് ഒരു മാസത്തിനുള്ളില്‍) ഉടമയുടെ അറിവോടെ പിഴ തുക ഈടാക്കാവുന്നതാണ്.