‘ദിവ്യ എത്തിയത് ആസൂത്രിതമായി; മുൻപ് പല കേസുകളിലും പ്രതി’: ക്രിമിനൽ മനോഭാവമെന്ന് റിമാൻഡ് റിപ്പോർട്ട്

Advertisement

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ എത്തിയത് ആസൂത്രണം ചെയ്താണെന്ന് റിമാൻഡ് റിപ്പോർട്ട്. കരുതിക്കൂട്ടി അപമാനിക്കാൻ യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയുമെന്നു ദിവ്യ ഭീഷണി സ്വരത്തിൽ പറഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ദിവ്യ ആസൂത്രിതമായാണ് എത്തിയത്. പ്രസംഗം ചിത്രീകരിക്കാൻ ഏർപ്പാട് ചെയ്തു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. ഇത് എഡിഎമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കി. ഉപഹാര വിതരണത്തിൽ പങ്കെടുക്കാത്തത് ക്ഷണിച്ചിട്ടില്ലെന്നതിനു തെളിവാണ്. വേദിയിൽ ഇരിപ്പിടം മറ്റാരോ ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. വിഡിയോ ചിത്രീകരിക്കാൻ മാധ്യമപ്രവർത്തകരെ ഏർപ്പാടാക്കിയിരുന്നു. കലക്ടറും സംഘാടകരും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലായിരുന്നുവെന്നും കലക്ടറേറ്റ് ഇൻസ്പെക്ഷൻ വിങ്ങിലെ സീനിയർ ക്ലർക്കിന്റെ മൊഴിയിൽ പറയുന്നു. ദിവ്യയുടെ ക്രിമിനൽ മനോഭാവം വെളിവായിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ദിവ്യ മുൻപ് പല കേസുകളിലും പ്രതിയാണെന്നത് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളും റിമാൻഡ് റിപ്പോർട്ടിലുണ്ട്. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കുറ്റകൃത്യം നേരിട്ട് നടപ്പിൽ വരുത്തിയെന്നും അന്വേഷണത്തോട് സഹകരിക്കാതെ ദിവ്യ ഒളിവിൽ പോയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

Advertisement