ഓഹരി വിപണി ചാഞ്ചാട്ടത്തിനൊടുവിൽ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

Advertisement

മുംബൈ: റഷ്യ-യുക്രൈൻ സംഘർഷം മാറ്റമില്ലാതെ തുടരുന്നത് വിപണിയെ ബാധിച്ചു. പ്രതിവാര ഫ്യൂച്ചർ കരാറുകൾ അവസാനിക്കുന്ന ദിനംകൂടിയായപ്പോൾ സൂചികകൾക്ക് നേട്ടത്തിലെത്താനായില്ല.

സെൻസെക്‌സ് 89.14 പോയന്റ് നഷ്ടത്തിൽ 57,595.68ലും നിഫ്റ്റി 22.90 പോയന്റ് താഴ്ന്ന് 17,222.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബ്രന്റ് ക്രൂഡ് വില വീണ്ടും ബാരലിന് 120 ഡോളറിന് മുകളിലായതും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു.

കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാൻ കമ്പനി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഡോ.റെഡ്ഡീസ് ലാബ്, കോൾ ഇന്ത്യ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, അൾട്രടെക് സിമെന്റ്‌സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്തു.