കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ പണയ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് 10 രൂപ മുഖവിലയുള്ള ഓഹരികൾക്ക് 20 രൂപ എന്ന നിലയിൽ 200 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
2022-23 സാമ്പത്തിക വർഷത്തേക്കുള്ള ഈ ഇടക്കാല ലാഭവിഹിതം പ്രഖ്യാപനത്തിന് 30 ദിവസത്തിനുള്ളിൽ ഓഹരി ഉടമകൾക്കു നൽകും. ലാഭവിഹിതം ലഭിക്കാൻ അർഹതയുള്ള ഓഹരി ഉടമകളെ കണക്കാക്കുന്നതിനുള്ള റെക്കോർഡ് തീയതി 2022 ഏപ്രിൽ 26 ആയിരിക്കും. കഴിഞ്ഞ സാമ്പത്തിക വർഷവും ഓഹരിയൊന്നിന് 20 രൂപ എന്ന നിലയിൽ 200 ശതമാനം ലാഭവിഹിതം നൽകിയിരുന്നു.
മുത്തൂറ്റ് ഫിനാൻസിൽ അർപ്പിക്കുന്ന സുസ്ഥിരമായ വിശ്വാസത്തിനും പിന്തുണയ്ക്കും ഓഹരി ഉടമകളോട് നന്ദി പറയാനുള്ള അവസരമാണിതെന്ന് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കവെ മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. ഓഹരി ഉടമകൾക്കു മൂല്യം നൽകാനും സ്വർണ പണയ രംഗത്തെ മുൻനിര സ്ഥാനം ശക്തിപ്പെടുത്താനും തങ്ങൾക്കുള്ള പ്രതിബദ്ധത തുടരുമെന്നും, സാമ്ബത്തിക പ്രവർത്തനങ്ങൾ വീണ്ടും ശക്തമാകുന്നതനുസരിച്ച് സ്വർണ പണയ ആവശ്യവും വർധിക്കുമെന്നാണു തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.