ന്യൂഡൽഹി: സൈനിക സ്കൂളുകളിൽ 6, 9 ക്ലാസുകളിലെ പ്രവേശനത്തിന് നവംബർ 30നു വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ നൽകാം. https://aissee.nta.nic.in. അപേക്ഷാഫീസ് 650 രൂപ അന്നു രാത്രി 11.50 വരെ ഓൺലൈനായി അടയ്ക്കാം; പട്ടികവിഭാഗ അപേക്ഷകർക്ക് 500 രൂപ. ബാങ്ക്ചാർജ് പുറമേ. പ്രവേശനപരീക്ഷ (AISSEE-2023) ജനുവരി എട്ടിനു നടക്കും. കേരളത്തിലെ കേന്ദ്രങ്ങൾ: തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്.
ഉത്തരത്തിലെ തെറ്റിനു മാർക്ക് കുറയ്ക്കില്ല. ഓരോ വിഷയത്തിനും 25%, മൊത്തം 40% എന്ന ക്രമത്തിലെങ്കിലും മാർക്ക് നേടണം. പട്ടികവിഭാഗക്കാർക്ക് മിനിമം മാർക്ക് നിബന്ധനയില്ല.
ആറിലെ പരീക്ഷ രണ്ട് മുതൽ 4.30 വരെ. ഒൻപതിലെ പരീക്ഷ രണ്ട് മുതൽ അഞ്ച് വരെ. ആറിലെ പരീക്ഷ ഇംഗ്ലിഷിലോ മലയാളത്തിലോ എഴുതാം. ഒൻപതിലെ പരീക്ഷ ഇംഗ്ലിഷിൽ മാത്രം.
ഓരോ സ്കൂളിലെയും 67% സീറ്റ് അതതു സംസ്ഥാനത്തെ / കേന്ദ്രഭരണപ്രദേശത്തെ കുട്ടികൾക്കും ബാക്കി 33% ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലുള്ള കുട്ടികൾക്കുമാണ്. പൊതുവായ ഒരപേക്ഷ മതി. പട്ടികജാതി 15%, പട്ടികവർഗം 7.5%, പിന്നാക്കവിഭാഗം 27% എന്ന സംവരണക്രമം പാലിക്കും.
കഴക്കൂട്ടത്ത് ആറാം ക്ലാസിൽ 80 ആൺകുട്ടികൾക്കും 10 പെൺകുട്ടികൾക്കുമായി ആകെ 90 സീറ്റ്. ഒൻപതിൽ 17 സീറ്റ്. കേരളത്തിലെ കുട്ടികൾക്കു മറ്റു 32 സ്കൂളുകളിലേക്കും ശ്രമിക്കാം. ആറിലെ അപേക്ഷകരുടെ പ്രായം 2023 മാർച്ച് 31ന് 10–12 വയസ്സ്; ഒൻപതിലെ അപേക്ഷകർക്ക് 13–15 വയസ്സും.
33 സർക്കാർ സൈനിക സ്കൂളുകൾക്കു പുറമേ, പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള 18 പുതിയ സൈനിക സ്കൂളുകളുമുണ്ട്. സംസ്ഥാന സർക്കാരുമായോ സ്വകാര്യസ്ഥാപനങ്ങളുമായോ കൈകോർത്തു നടത്തുന്ന ഈ സ്കൂളുകളിൽ കോഴിക്കോട് മലാപ്പറമ്പിലെ വേദവ്യാസ വിദ്യാലയവും ഉൾപ്പെടും. ഇവയിൽ 6–ാം ക്ലാസ് പ്രവേശനം മാത്രം. 40% ദേശീയതലത്തിലും 60% സ്കൂൾ തലത്തിലും സീറ്റ് വിഭജിച്ചാണ് പ്രവേശനം. ഈ 18 സ്കൂളുകളൊന്നിൽ പഠിക്കുന്നവർക്കാണ് അതതു സ്കൂളിലെ അപേക്ഷകരുടെ റാങ്ക് നോക്കിയുള്ള സ്കൂൾതല സിലക്‌ഷൻ. കൗൺസലിങ് സമയത്ത് ഏത് അംഗീകൃത സ്കൂളും തിരഞ്ഞെടുക്കാം. ഈ സ്കൂളുകളിലെ പ്രവേശനത്തിൽ താൽപര്യമുള്ളവർ പൊതുവായ ഒരപേക്ഷ സമർപ്പിച്ചാൽ മതി.
സായുധസേനകളിൽ ഓഫിസർ പദവിക്കുള്ള ശേഷികൾ ആർജിക്കാൻ സഹായകമായ പരിശീലനം നൽകുന്ന സ്‌ഥാപനങ്ങളാണ് ഇന്ത്യയിലെ സൈനിക സ്‌കൂളുകൾ. കേരളത്തിലെ സ്ഥാപനം: സൈനിക സ്കൂൾ, കഴക്കൂട്ടം, തിരുവനന്തപുരം. ഫോൺ: 0471 2781400. വെബ്: www.sainikschooltvm.nic.in