അമേഠി ഉഡാൻ അക്കാദമിയിലെ കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്‌സ് പ്രവേശനത്തിന് 23 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. സ്‌റ്റുഡന്റ് പൈലറ്റ് ലൈസൻസ്, പ്രൈവറ്റ് പൈലറ്റ് ലൈസൻസ്, കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് എന്നിങ്ങനെ 3 തലങ്ങളിലായാണു പരിശീലനം. കുറഞ്ഞത് 24 മാസമാണു കോഴ്‌സ് ദൈർഘ്യം. വനിതകൾക്കും അപേക്ഷിക്കാം. ‘‘ആബ് ഇനിഷ്യോ ടു സിപിഎൽ’’ (മൾട്ടി എൻജിൻ വിമാനത്തിലെ ഇൻസ്‌ട്രുമെന്റ് റേറ്റിങ്ങും അടങ്ങുന്ന കമേഴ്സ്യൽ പൈലറ്റ് ലൈസൻസ്) പ്രോഗ്രാമിൽ ചേരാൻ ഇംഗ്ലിഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയ്ക്കോരോന്നിനും 50% എങ്കിലും മാർക്കോടെ പ്ലസ്‌ടു ജയിച്ചിരിക്കണം.
പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്ക് 45% മതി. കോഴ്സിനു ചേരുമ്പോൾ 17 വയസ്സ് തികയണം. 28 വയസ്സു കവിയരുത്. പിന്നാക്ക / പട്ടിക വിഭാഗക്കാർക്ക് യഥാക്രമം 31 / 33 വരെയാകാം. 158 സെന്റിമീറ്റർ എങ്കിലും ഉയരമുള്ള അവിവാഹിതരായിരിക്കണം. മികച്ച ആരോഗ്യം നിർബന്ധം. 75 സംവരണസീറ്റുൾപ്പെടെ ആകെ 125 സീറ്റ്. 3 മാസം വീതം ഇടവിട്ട് 4 ബാച്ചുകളിലായാണു പ്രവേശനം. ആദ്യബാച്ച് ക്ലാസുകൾ 2023 ഓഗസ്റ്റിൽ തുടങ്ങും.
താൽപര്യമുള്ളവർക്കു സമാന്തരമായി മൂന്ന് വർഷ ബിഎസ്‌സി ഏവിയേഷൻ ബിരുദ കോഴ്‌സിനും പഠിക്കാം. ഇതിന് 40 സീറ്റുണ്ട്. സിലക്‌ഷന്റെ ഭാഗമായി എഴുത്തുപരീക്ഷ, പൈലറ്റ് അഭിരുചി / സൈക്കോമെട്രിക് ടെസ്‌റ്റ്, ഇന്റർവ്യൂ എന്നിവയുണ്ട്. 14ന് ഓൺലൈൻ എഴുത്തുപരീക്ഷ തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി അടക്കം 18 കേന്ദ്രങ്ങളിൽ. എഴുത്തുപരീക്ഷയിൽ മികവുള്ളവർക്കു ജൂൺ 27 മുതൽ ഇന്റർവ്യൂവും പൈലറ്റ് അഭിരുചി / സൈക്കോമെട്രിക് ടെസ്‌റ്റുകളും റായ്ബറേലിയിൽ. ഫലം ജൂലൈ 18ന് അറിയാം. https://igrua.gov.in