നവോദയ സ്കൂളുകളിൽ 11–ാം ക്ലാസിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് 31ന് അകം ഓൺലൈൻ അപേക്ഷ നൽകണം. താമസവും ഭക്ഷണവും അടക്കം സൗജന്യമാണെങ്കിലും, ചില വിഭാഗക്കാർ ചെറിയ തുക നൽകേണ്ടിവരും. വിദ്യാലയം നിലകൊള്ളുന്ന ജില്ലയിലെ അംഗീകൃത സ്കൂളിൽ ഇക്കഴിഞ്ഞ അധ്യയനവർഷം (2022–23) 10–ാം ക്ലാസിൽ പഠിച്ചിരുന്ന കുട്ടികൾക്കാണ് അർഹത.
ജനനത്തീയതി 2006 ജൂൺ ഒന്നു മുതൽ 2008 ജൂലൈ 31 വരെ. ആർക്കും പ്രായത്തിൽ ഇളവില്ല. 10–ാം ക്ലാസ് പഠനവും താമസവും ഒരേ ജില്ലയിലായിരിക്കണം. ജൂലൈ 22ന് 11 മുതൽ 1.30 വരെ നടത്തുന്ന ഒഎംആർ ടെസ്‌റ്റിലെ പ്രകടനം ആധാരമാക്കിയാണ് സിലക്‌ഷൻ.
ബന്ധപ്പെട്ട ജില്ലയിലെ നവോദയ വിദ്യാലയത്തിൽ ടെസ്റ്റെഴുതാം. മാനസികശേഷി, ഇംഗ്ലിഷ്, സയൻസ്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ 20 വീതം ആകെ 100 ചോദ്യങ്ങൾ, 100 മാർക്ക്.
പ്രോസ്‌പെക്ടസിന് www.navodaya.gov.in.