ഇന്ത്യയിൽ ക്യാംപസ് തുറക്കാൻ വിദേശ സ്ഥാപനങ്ങൾ രംഗത്ത്

Advertisement

ന്യൂഡൽഹി: വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാംപസ് തുറക്കാനുള്ള മാനദണ്ഡങ്ങൾ യുജിസി കഴിഞ്ഞയാഴ്ച വിജ്ഞാപനം ചെയ്തതോടെ ഒട്ടേറെ സ്ഥാപനങ്ങൾ താൽപര്യം അറിയിച്ചു രംഗത്തെത്തി. ഇറ്റലിയിലെ പ്രശസ്തമായ ആർട്ട്–ഡിസൈൻ സ്ഥാപനം ഇൻസ്റ്റിറ്റ്യൂട്ടോ മരങ്കോനി യുജിസിയുമായി പ്രാഥമിക ചർച്ചകൾ നടത്തിയെന്നാണു വിവരം.

ക്യാംപസ് ആരംഭിക്കാൻ മുംബൈ, ഡൽഹി, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളാണു പരിഗണിക്കുന്നത്. ലോകത്തെ ആർട്ട്–ഡിസൈൻ പഠനകേന്ദ്രങ്ങളിൽ ആദ്യ നൂറിൽ ഉൾപ്പെടുന്നതാണ് ഈ സ്ഥാപനം.

ഓസ്ട്രേലിയയിലെ ഫ്ലിൻഡേഴ്സ് യൂണിവേഴ്സിറ്റി, ഗ്രിഫിത്ത് യൂണിവേഴ്സിറ്റി, ജയിംസ് കുക്ക് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് കാൻബറ തുടങ്ങിയ സ്ഥാപനങ്ങളും ക്യാംപസ് ആരംഭിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഗ്രേറ്റർ നോയിഡ, ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളെയാണ് ഈ സ്ഥാപനങ്ങൾ ക്യാംപസിനായി പരിഗണിക്കുന്നത്.

ഇൻസ്റ്റിറ്റ്യൂട്ടോ മരങ്കോനിക്കു നിലവിൽ മിലാൻ, പാരിസ്, ലണ്ടൻ, ഷാങ്ഹായ് തുടങ്ങിയ നഗരങ്ങളിൽ ക്യാംപസുകളുണ്ട്. മുംബൈയിൽ തൊഴിലധിഷ്ഠിത പഠനകേന്ദ്രം നടത്തുന്നുണ്ടെങ്കിലും സർട്ടിഫിക്കറ്റ് കോഴ്സ് മാത്രമാണുള്ളത്. ഇന്ത്യയിലെ സ്ഥാപനങ്ങളുമായി ചേർന്നു ക്യാംപസ് സജ്ജീകരിക്കുന്നതിന് 6 സ്ഥാപനങ്ങൾ ധാരണാപത്രം ഒപ്പിട്ടുവെന്നാണു വിവരം. ഈ സ്ഥാപനങ്ങളുടെ വൈസ് ചാൻസലർമാർ വരും മാസങ്ങളിൽ ഇന്ത്യ സന്ദർശിച്ചേക്കും. ഔദ്യോഗിക അപേക്ഷാ നടപടികൾ ഇതിനു ശേഷമാകും ആരംഭിക്കുക.

ഇതിനിടെ, ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ പ്രവർത്തനമാരംഭിക്കുന്ന ഡീകിൻ യൂണിവേഴ്സിറ്റിയിൽ പ്രവേശന നടപടികൾ ആരംഭിച്ചു. രാജ്യാന്തര റാങ്കിങ്ങിൽ 375–ാം സ്ഥാനത്തുള്ള വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റി ബെംഗളൂരുവിൽ 2025 ൽ ക്യാംപസ് ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.