സിവില്‍ സര്‍വീസ് പരീക്ഷ 2023 ഫലം പ്രസിദ്ധീകരിച്ചു….ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്

Advertisement

യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷ 2023 ഫലം പ്രസിദ്ധീകരിച്ചു. ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. രണ്ടും മൂന്നും റാങ്കുകള്‍ യഥാക്രമം അനിമേഷ് പ്രധാന്‍, ഡോനുരു അനന്യ എന്നിവര്‍ക്കാണ്. ആദ്യ അഞ്ച് റാങ്കില്‍ ഒരു മലയാളി ഇടം നേടി. കൊച്ചി ദിവാന്‍സ് സ്വദേശി സിദ്ധാര്‍ഥ് രാംകുമാറിനാണ് നാലാം റാങ്ക്.
ഇത്തവണ 1016 ഉദ്യോഗാര്‍ഥികള്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായതായി യുപിഎസ് സി അറിയിച്ചു. 2023 മെയ് 28നായിരുന്നു പ്രിലിമിനറി പരീക്ഷ നടന്നത്. ഇതില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്കായി 2023 സെപ്റ്റംബര്‍ 15,16,17, 23, 24 തീയതികളിലായി മെയ്ന്‍ പരീക്ഷ നടത്തിയത്. ഡിസംബര്‍ എട്ടിനാണ് മെയ്ന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.
ആദ്യ നൂറ് പേരില്‍ കേരളത്തിന് അഭിമാനമായി നിരവധി പേര്‍ ഇടംനേടി. വിഷ്ണു ശശികുമാര്‍ (31), പി പി അര്‍ച്ചന (40), ആര്‍ രമ്യ (45), ബെന്‍ജോ പി ജോസ് (59), സി വിനോദിനി (64), പ്രിയ റാണി (69), ഫാബി റഷീദ് (71), എസ് പ്രശാന്ത് (78), ആനി ജോര്‍ജ് (93) എന്നിങ്ങനെയാണ് ആദ്യ നൂറ് റാങ്കില്‍ ഇടം നേടിയ മറ്റു മലയാളികള്‍.
ജനുവരി 2, ഏപ്രില്‍ 9 തീയതികളിലായാണ് സിവില്‍ സര്‍വീസ് പരീക്ഷയുടെ അവസാന ഘട്ടമായ ഇന്റര്‍വ്യൂവും പേഴ്സണാലിറ്റി ടെസ്റ്റും നടന്നത്. ഐഎഎസ്, ഐപിഎസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് അടക്കം വിവിധ സര്‍വീസുകളിലുള്ള ഒഴിവുകള്‍ നികത്തുന്നതിനാണ് പരീക്ഷ നടത്തുന്നത്. ബിരുദമാണ് പരീക്ഷ എഴുതാനുള്ള അടിസ്ഥാന യോഗ്യത.