പ്ലസ് വണ്‍ പ്രവേശനം; രണ്ടാമത്തെ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു

Advertisement

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. നാളെ രാവിലെ 10 മുതല്‍ 13 വൈകിട്ട് അഞ്ച് മണി വരെ പ്രവേശനം നടക്കും. അലോട്ട്‌മെന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWSലെ Second Allot Results ലിങ്കിലൂടെ ലഭിക്കും.
അലോട്ട്‌മെന്റ് ലഭിച്ചവര്‍ സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം എത്തണം. പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റര്‍ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കും. ഒന്നാം അലോട്ട്‌മെന്റില്‍ താല്‍ക്കാലിക പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഈ അലോട്ട്‌മെന്റില്‍ ഉയര്‍ന്ന ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലെങ്കില്‍ പുതിയ അലോട്ട്മെന്റ് ലെറ്റര്‍ ആവശ്യമില്ല.
മെറിറ്റ് ക്വാട്ടയില്‍ ഒന്നാം ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്റ് ലെറ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമെ അടക്കേണ്ടതുള്ളൂ. താഴ്ന്ന ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാവുന്നതാണ്.
അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികളെല്ലാം രക്ഷകര്‍ത്താക്കളോടൊപ്പം ജൂണ്‍ 13ന് വൈകീട്ട് അഞ്ചിന് മുമ്പായി തന്നെ സ്‌കൂളുകളില്‍ പ്രവേശനത്തിന് ഹാജരാകണം.

Advertisement