കേരള മെഡിക്കൽ പിജി: അപേക്ഷ 7 വരെ, പ്രവേശനയോഗ്യത, മറ്റു വ്യവസ്ഥകൾ

Advertisement

കേരളത്തിലെ മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി കോഴ്സുകളിൽ 2024–25ലെ പ്രവേശനത്തിന് www.cee.kerala.gov.in വെബ്സൈറ്റിൽ 7ന് വൈകിട്ടു 4ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.

ഇനിപ്പറയുന്ന സീറ്റുകളിലേക്കാണ് പ്രവേശനം:

സർക്കാർ മെഡിക്കൽ കോളജുകളിലെയും തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെയും (ആർസിസി) സംസ്ഥാന ക്വോട്ട സീറ്റുകൾ.
∙ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ന്യൂനപക്ഷ / എൻആർഐ ക്വോട്ടയടക്കം മുഴുവൻ സീറ്റുകൾ. കഴിഞ്ഞവർഷം സർക്കാർ മെഡിക്കൽ കോളജുകളിൽ ആകെ 864 സീറ്റും ആർസിസിയിൽ 18 സീറ്റുമാണ് ഉണ്ടായിരുന്നത്. ഇത്തവണ ഓരോ കോളജിലും ഓരോ സ്പെഷ്യൽറ്റിയിലുമുള്ള സീറ്റ് വിവരങ്ങൾ പിന്നീട് അറിയിക്കും. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ദേശീയതലത്തിൽ ഈ വർഷം നടത്തിയ നീറ്റ്–പിജിയിലെ റാങ്കുകൾ അടിസ്ഥാനമാക്കി, കേരള സംസ്ഥാന ക്വോട്ടയിലെ പ്രവേശനത്തിന് അർഹതയുള്ളവരുടെ വിശേഷ റാങ്ക്‌ലിസ്റ്റ് തയാറാക്കിയാണ് ഇവിടത്തെ പ്രവേശനം.

പ്രവേശനയോഗ്യത
നാഷനൽ മെഡിക്കൽ കമ്മിഷൻ (മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ) അംഗീകരിച്ച എംബിബിഎസ് ബിരുദം നേടി 2024 ഓഗസ്റ്റ് 15ന് എങ്കിലും ഒരു വർഷത്തെ ഇന്റേൺഷിപ് പൂർത്തിയാക്കിയിരിക്കണം. കേരളത്തിൽ വേരുകളുള്ള ഇന്ത്യക്കാർക്കാണു പ്രവേശനാർഹത. പിഐഒ, ഒസിഐ വിഭാഗക്കാരെ ജനറൽ കാറ്റഗറി / എൻആർഐ സീറ്റുകളിൽ പ്രവേശനത്തിനു പരിഗണിക്കുമെങ്കിലും സംവരണാർഹതയില്ല.

2024ലെ നീറ്റ്– പിജിയിൽ കാറ്റഗറി അനുസരിച്ച് ഇനിപ്പറയുന്ന കട്ട് ഓഫ് സ്കോർ വേണം:
∙ ജനറൽ / സാമ്പത്തിക പിന്നാക്കം 50–ാം പെർസന്റൈൽ, ഇവരിലെ ഭിന്നശേഷി 45–ാം പെർസന്റൈൽ
∙ മറ്റെല്ലാ സംവരണ വിഭാഗക്കാരും (ഭിന്നശേഷിയുൾപ്പെടെ) 40–ാം പെർസന്റൈൽ
സർവീസ് ക്വോട്ടക്കാർക്കും ഇതേ ക്രമത്തിൽ യോഗ്യത വേണം. ജനറൽ ക്വോട്ടക്കാർക്കു പ്രായപരിധിയില്ല. പക്ഷേ, സർവീസ് ക്വോട്ടയ്ക്ക് ഉയർന്ന പ്രായമുണ്ട് – 2024 ഡിസംബർ 31ന് മെ‍ഡിക്കൽ വിദ്യാഭ്യാസവകുപ്പ് 49 വയസ്സ്, ഹെൽത്ത് സർവീസസ്, ഇൻഷുറൻസ് മെഡിക്കൽ സർവീസ് 47 വയസ്സ്.

മറ്റു വ്യവസ്ഥകൾ
കോഴ്സ് ദൈർഘ്യം മൂന്ന് വർഷം. പക്ഷേ, 2024 ഏപ്രിൽ 30ന് എങ്കിലും മെ‍ഡിക്കൽ പിജി ഡിപ്ലോമ നേടിയവർക്ക് അതേവിഷയത്തിൽ രണ്ട് വർഷംകൊണ്ട് കോഴ്സ് പൂർത്തിയാക്കാം. സർക്കാർ കോളജുകളിലെ വാർഷിക ഫീ ഉദ്ദേശം 70,000 രൂപ. കോഷൻ ഡിപ്പോസിറ്റ് 11,580 രൂപ. സർവകലാശാലയുടെ ഫീസ് പുറമേ. ആർസിസിയിലെ വാർഷിക ഫീസ് മൂന്ന് ലക്ഷം രൂപയോളം (കൃത്യവിവരത്തിന് https://rcctvm.gov.in). സ്വാശ്രയകോളജുകളിലെ ഫീസ് നിരക്കുകൾ സീറ്റ് അലോട്മെന്റിനു മുൻപ് അറിയാം. അർഹതയുള്ള വിഭാഗക്കാർക്കു ഫീസിളവ് ലഭിക്കും.

സ്ട്രേ വേക്കൻസി അലോട്മെന്റിൽ സീറ്റു കിട്ടിയിട്ടു ചേരാതിരിക്കുകയോ, ഏതെങ്കിലും ഘട്ടത്തിൽ പഠനം ഇടയ്ക്കു നിർത്തുകയോ ചെയ്യുന്നപക്ഷം 50 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകേണ്ടിവരും. സംസ്ഥാന ക്വോട്ടയിൽ 10% സീറ്റുകൾ സർവീസ് ക്വോട്ടയ്ക്കായി നീക്കിവച്ചിട്ടുണ്ട്. ശേഷിച്ച സീറ്റുകളിൽ പട്ടികജാതി 8%, പട്ടികവർഗം 2%, ഈഴവ 8%, മറ്റു പിന്നാക്കഹിന്ദു 7%, മുസ്‌ലിം 7%, ലത്തീൻ കത്തോലിക്കർ / ആംഗ്ലോ ഇന്ത്യൻ 3%, മറ്റു പിന്നാക്ക ക്രിസ്ത്യാനി 1%, കുഡുംബി 1%, സാമ്പത്തികപിന്നാക്കം 10% എന്നീ തോതുകളിൽ സംവരണം ലഭിക്കും. ബാക്കി ജനറൽ മെറിറ്റ് ക്വോട്ട. ഇതിൽനിന്ന് ഓരോ സീറ്റ് വിമുക്തഭടർക്കും യുദ്ധത്തിൽ വീരമൃത്യു വരിച്ചവരുടെ ആശ്രിതർക്കുമായി നീക്കിവച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് ഓരോ കാറ്റഗറിയിലും ആനുപാതികമായി 5% സംവരണമുണ്ട്. അപേക്ഷാഫീ 1000 രൂപ. പട്ടികവിഭാഗം 500 രൂപ. സർവീസ് ക്വോട്ടക്കാർ ജനറൽ സീറ്റിലേക്കും അപേക്ഷിക്കുന്നെങ്കിൽ അതിന് 1000 രൂപ വേറെ അടയ്ക്കണം. ഇവരെ സംബന്ധിച്ച വിശേഷനിബന്ധനകൾ സൈറ്റിലുണ്ട്. ഓൺലൈൻ അപേക്ഷാരീതിയടക്കം കൂടുതൽ വിവരങ്ങൾക്കു സൈറ്റിലെ വിജ്ഞാപനവും പ്രോസ്പെക്ടസും നോക്കാം. ഹെൽപ്‌ലൈൻ: 0471 2525300.

Advertisement