ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് (പി.ജി) 2022 മാറ്റി. ആറ് മുതൽ എട്ട് ആഴ്ചവരെയാണ് നീട്ടിവെക്കുക.
കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം.
മാർച്ച് 12ന് നടക്കാനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. നീറ്റ് പി.ജി പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് എം.ബി.ബി.എസ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി സുപ്രീംകോടതി പരിഗണിക്കുന്നതിന് തൊട്ടുമുമ്പാണ് പരീക്ഷ മാറ്റിയതായി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ് പുറത്തുവരുന്നത്.
ജനുവരി 25ന് ആറ് എം.ബി.ബി.എസ് വിദ്യാർഥികളാണ് കോടതിയെ സമീപിച്ചത്. കോവിഡ് ഡ്യൂട്ടി കാരണം അവരുടെ നിർബന്ധിത ഇന്റേൺഷിപ്പ് അടക്കം മുടങ്ങിയെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.