ഓൺലൈൻ കോഴ്‌സുകൾക്കായി എസ്ബിഐ എൻഎസ്‌ഇ അക്കാദമി പങ്കാളിത്തം

Advertisement

കൊച്ചി: ഇന്ത്യയിലെ മുൻനിര ബാങ്കിങ്, ധനകാര്യ സേവന ഗ്രൂപ്പായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ട്രാറ്റജിക് ട്രെയ്‌നിങ് യൂണിറ്റ് ഓൺലൈൻ കോഴ്‌സുകൾ ആരംഭിയ്ക്കുന്നതിന് എൻഎസ്‌ഇ അക്കാദമിയുമായി കൈകോർക്കുന്നു.

സാമ്പത്തിക സാക്ഷരതയെ അനിവാര്യമായ ജീവിത നൈപുണ്യമായി കണ്ട് പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമാണ് എൻഎസ്‌ഇ അക്കാദമി.

ഈ സഹകരണത്തിന്റെ ഭാഗമായി പഠിതാക്കൾക്ക് എൻഎസ്‌ഇ നോളജ് ഹബ് പ്ലാറ്റ് ഫോമിൽ എസ്ബിഐയുടെ അഞ്ച് പ്രാരംഭ മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സു(എംഒഒസി)കൾക്ക് ചേരാവുന്നതാണ്. ബാങ്കിങ് സംബന്ധിച്ച അടിസ്ഥാന കാര്യങ്ങൾ, പൊതുവായ്പാ മാനദണ്ഡങ്ങൾ, എംഎസ്‌എംഇകൾക്കുള്ള വായ്പകൾ, മുൻഗണനാ മേഖലകൾക്കുള്ള വായ്പാ മാനദണ്ഡങ്ങൾ, ഇന്ത്യയിലെ ഇലക്‌ട്രോണിക് പെയ്‌മെന്റ് സംവിധാനം, എൻആർഐ ബിസിനസ് തുടങ്ങിയവ വിഷയങ്ങൾ ആഴത്തിൽ മനസിലാക്കാൻ കഴിയുന്നതരത്തിൽ പ്രായോഗിക വശങ്ങൾ കൂടി സംയോജിപ്പിച്ചാണ് എസ്ബിഐ ഈ കോഴ്‌സുകൾ തയ്യാറാക്കിയിരിക്കുന്നത്. 3- 6 ആഴ്ചയാണ് കോഴ്‌സുകളുടെ ദൈർഘ്യം. പഠിതാക്കൾ ആഴ്ചയിൽ 2- 3 മണിക്കൂർ ഇതിനായി ചെലവഴിച്ചാൽ മതിയാകും.

എസ്ബിഐയുടെ ഇ- കോഴ്‌സുകൾ ബാങ്കിങ്ങിന്റെയും സാമ്ബത്തിക സേവനങ്ങളുടെയും വിവിധ വശങ്ങളെക്കുറിച്ച്‌ മികച്ച അറിവ് സമ്ബാദിക്കാനും പ്രൊഫഷണൽ ജീവിതം കൂടുതൽ മൂല്യവത്താക്കാനാനും സഹായിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് എസ്ബിഐയുടെ ഡിഎംഡി(എച്ച്‌ആർ)യും ഡിഇഒയുമായ ഓം പ്രകാശ് മിശ്ര പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുമായുള്ള എൻഎസ്‌ഇയുടെ പങ്കാളിത്തം പ്രൊഫഷണലുകൾക്ക് ബാങ്കിങ് സേവന മേഖലയിൽ മികച്ച കരിയർ കെട്ടിപ്പടുക്കാൻ സഹായിക്കുന്ന അതുല്യമായ പഠനാവസരം സമ്മാനിക്കുമെന്ന് എൻഎസ്‌ഇയുടെ എംഡിയും സിഇഒയുമായ ശ്രീ. വിക്രം ലിമായെ പറഞ്ഞു.

Advertisement