സ്‌കൂളുകൾക്ക് 9.58 കോടി രൂപയുടെ പുസ്തകങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി തുടങ്ങി

Advertisement

തിരുവനന്തപുരം: സ്‌കൂളുകളിൽ ഈ വർഷം 9.58 കോടി രൂപയുടെ പുസ്തകങ്ങൾ വിതരണം ചെയ്യുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘വായനയുടെ വസന്തം’ എന്ന പദ്ധതി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ സെന്റ് ക്രിസോസ്റ്റം ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്രഥമാധ്യാപിക കവിത ജോയിക്ക് പുസ്തകം നൽകിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.

പതിനായിരം പുസ്തകങ്ങൾക്കു മുകളിലുള്ള സ്‌കൂളുകളിൽ പാർട് ടൈം ലൈബ്രേറിയന്മാരെ നിയമിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും പുസ്തകങ്ങളുടെ ഗുണനിലവാരം പ്രസാധകർ ഉറപ്പുവരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഈ വർഷം നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി പ്രഖ്യാപിച്ചത്. എസ് ഐ ഇ ടി തയ്യാറാക്കിയ ഓൺലൈൻ പോർട്ടൽ മുഖേന 1438 സ്‌കൂളുകളാണ് പുസ്തകങ്ങൾ ഇൻഡന്റ് ചെയ്തിട്ടുള്ളത്. കൂടാതെ ഈ വർഷം 85 തമിഴ് മീഡിയം സ്‌കൂളുകൾക്കും 96 കന്നട മീഡിയം സ്‌കൂളുകൾക്കും ഈ ഭാഷകളിലുള്ള ലൈബ്രറി പുസ്തകങ്ങൾ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ ആകെ 1,619 സ്‌കൂളുകൾ ആണ് ഈ വർഷം പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. സ്‌കൂളുകൾ ഇൻഡന്റ് ചെയ്തിട്ടുള്ള പുസ്തകങ്ങളുടെ ആകെ എണ്ണം 6,73,621 ആണ്. ആകെ 93 പ്രസാധകർ ആണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്.

പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ എ എസ്, അഡീഷണൽ ഡി ജി സന്തോഷ്, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ. കെ, എസ് ഐ ഇ ടി ഡയറക്ടർ ബി അബുരാജ്, സീമാറ്റ് ഡയറക്ടർ ഡോ. സാബു കോട്ടക്കൽ, തിരുവനന്തപുരം നഗരസഭാ വാർഡ് കൗൺസിലർ വിജയകുമാർ എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.