ജെഇഇ മെയിൻ 2022 (JEE Main 2022) സെഷൻ 1ന്റെ രജിസ്ട്രേഷൻ വിൻഡോ വീണ്ടും തുറന്നു; ഇതുവരെ അപേക്ഷിക്കാത്തവർക്ക് അവസരം

Advertisement

ന്യൂഡൽഹി: ജെഇഇ മെയിൻ 2022 (JEE Main 2022) പരീക്ഷ മാറ്റിവച്ചതിനാൽ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി വിദ്യാർഥികൾക്ക് രജിസ്ട്രേഷൻ വിൻഡോ വീണ്ടും തുറന്നു.
പരീക്ഷയുടെ സെഷൻ ഒന്നിന് വേണ്ടിയുള്ള ഓൺലൈൻ അപേക്ഷാ പ്രക്രിയ തിങ്കളാഴ്ച മുതൽ പുനരാരംഭിച്ചു. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് ഇപ്പോൾ jeemain.nta.nic.in-ൽ ലോഗിൻ ചെയ്ത് ഓൺലൈനായി അപേക്ഷിക്കാം. വിദ്യാർഥികളിൽ നിന്ന് ലഭിച്ച അഭ്യർഥനകളെ തുടർന്ന് സെഷൻ ഒന്ന് പരീക്ഷ 2022 ജൂണിലേക്ക് മാറ്റിയിട്ടുണ്ട്. പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച്‌ ജൂൺ 20, 21, 22, 23, 24, 25, 26, 27, 28, 29 തീയതികളിൽ നടക്കും.

ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ വിദ്യാർഥികൾ അവർക്ക് ആവശ്യമായ രേഖകളും വിശദാംശങ്ങളും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. അപേക്ഷിക്കുന്ന സമയത്ത് അവസാനനിമിഷത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഉദ്യോഗാർത്ഥികൾക്ക് ഈ വിശദാംശങ്ങൾ മുൻകൂട്ടി ലഭ്യമാക്കാൻ നിർദ്ദേശിക്കുന്നു.

അപേക്ഷിക്കും മുമ്പ് ഇക്കാര്യങ്ങൾ ഉറപ്പുവരുത്തുക:

  1. വ്യക്തിഗത വിശദാംശങ്ങൾ: പേര്, ജനനത്തീയതി, മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ പേര് എന്നിവ ഉൾപ്പെടുന്നു.
  2. അക്കാഡമിക്, യോഗ്യതാ വിശദാംശങ്ങൾ: ഇത് ഏറ്റവും പ്രധാനപ്പെട്ട വശമാണ്. നിലവിൽ ഏത് ക്ലാസിലാണ്, ആവശ്യമായ യോഗ്യതയുണ്ടോ എന്നിവ ഇവിടെ നൽകണം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, അപേക്ഷ സാധുതയുള്ളതാണോ അല്ലയോ എന്ന് എൻടിഎ തീരുമാനിക്കും. അതിനാൽ, ഈ വിശദാംശങ്ങൾ പൂരിപ്പിക്കുമ്പോൾ വിദ്യാർഥികൾ കൂടുതൽ ശ്രദ്ധിക്കുക.
  3. ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ: ഇവ പ്രധാനമായും നിങ്ങളുടെ ഇമെയിൽ ഐഡിയും ഫോൺ നമ്പറുമാണ്.

ഈ രേഖകളും ആവശ്യം

ഓൺലൈൻ അപേക്ഷാ പ്രക്രിയയുടെ ഭാഗമായി അപേക്ഷകർ അനുബന്ധ രേഖകളും ഫോട്ടോകളും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

ഫോട്ടോ: അപേക്ഷകന്റെ പാസ്‌പോർട്ട് സൈസ് ഫോടോയുടെ സ്കാൻ ചെയ്ത പകർപ്പ്. ഫയൽ വലുപ്പം 10 kb മുതൽ 200 kb വരെ ആയിരിക്കണം.

ഒപ്പ്: ഒപ്പിന്റെ സ്കാൻ ചെയ്ത പകർപ്പ്. ഇവ പരീക്ഷാ സമയത്ത് പരീക്ഷാ ഹോളിൽ പരിശോധിച്ചുറപ്പിക്കും. ഫയൽ വലുപ്പം 4 kb മുതൽ 30 kb വരെ ആയിരിക്കണം.

സംവരണ സർട്ടിഫിക്കറ്റ്: സംവരണ വിഭാഗങ്ങളിൽ പെട്ടവർക്ക് (SC/ST/OBC/EWS മുതലായവ) ബന്ധപ്പെട്ട അധികൃതർ നൽകുന്ന സംവരണ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. സ്കാൻ ചെയ്ത സർട്ടിഫിക്കറ്റിന്റെ ഫയൽ വലുപ്പം 50kb മുതൽ 300kb വരെ ആയിരിക്കണം

PwD സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ): PwD വിഭാഗത്തിന് കീഴിൽ അപേക്ഷിക്കുന്നവർ, അപേക്ഷാ പ്രക്രിയയുടെ ഭാഗമായി ബന്ധപ്പെട്ട അധികൃതർ നൽകുന്ന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതാണ്. സ്കാൻ ചെയ്ത പകർപ്പിന്റെ ഫയൽ വലുപ്പം 50 kb മുതൽ 300 kb വരെ ആയിരിക്കണം.