പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്‌സുകളിലേക്കുള്ള കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റിന് അപേക്ഷിക്കാം

Advertisement

ന്യൂഡല്‌ഹി: രാജ്യത്തെ 42 വാഴ്‌സിറ്റികളിൽ പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്‌സുകളിലേക്കുള്ള കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റിന് ((CUET PG-2022) നാഷണൽ ടെസ്റ്റിങ് ഏജൻസി അപേക്ഷകൾ ക്ഷണിച്ചു.

എൻട്രൻസ് പരീക്ഷാ വിജ്ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും https://cuet.nta.nic.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഓൺലൈനായി ഇപ്പോൾ സമർപ്പിക്കാം. ജൂൺ 18 വൈകിട്ട്അഞ്ച് മണിവരെ അപേക്ഷ സ്വീകരിക്കും.

ഫീസ് രാത്രി 11.50 മണി വരെ അടയ്ക്കാം. ഇന്ത്യയിൽ അപേക്ഷാ ഫീസ് (ടെസ്റ്റ് പേപ്പറിന് വരെ) ജനറൽ-800 രൂപ. അഡീഷണൽ ഓരോ പേപ്പറിന് 200 രൂപ കൂടുതൽ അടയ്ക്കണം. ഒബിസി-എൻസിഎൽ/ജനറൽ ഇഡബ്ല്യുഎസ്-600 (അഡീഷണൽ-150 രൂപ), എസ്‌സി/എസ്ടി/തേർഡ് ജൻഡർ-550 രൂപ(150 രൂപ), ഭിന്നശേഷിക്കാർ(പിഡബ്ല്യുബിഡി)-500 രൂപ (150 രൂപ). ഇന്ത്യയ്ക്ക് പുറത്ത് മൂന്നു ടെസ്റ്റ് പേപ്പറുകൾക്ക് വരെ 4000 രൂപ, അഡീഷണൽ ഓരോ പേപ്പറിനും 1000 രൂപ വീതം. ഡബിറ്റ്/ക്രഡിറ്റ് കാർഡ്/യുപിഐ വാലറ്റ്/നെറ്റ് ബാങ്കിങ് വഴി ഓൺലൈനായി ഫീസ് അടയ്ക്കാം. ഒരാൾക്ക് മൂന്ന് ടെസ്റ്റ് പേപ്പറുകൾക്ക് ശേഷമുള്ള പേപ്പറിന് അഡീഷണൽ ഫീസ് അടച്ചാൽ മതിയാകും. അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.

പരീക്ഷ: ‘CUET PG-2022’ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ തിയറികൾ നിശ്ചയിച്ച്‌ പിന്നീട് അറിയിക്കുന്നതാണ്. ഒന്നിലധികം ദിവസം പരീക്ഷയുണ്ടാവും. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ രണ്ട് ഷിഫ്റ്റുകളായി ദേശീയതലത്തിൽ നടത്തും. ആദ്യ ഷിഫ്റ്റ് രാവിലെ 10 മുതൽ 12 മണി വരെയും രണ്ടാമത്തേത് ഉച്ചയ്ക്കുശേഷം മൂന്ന് മുതൽ അഞ്ച് മണിവരെയുമാണ് നടത്തുക, പരീക്ഷാ പേപ്പറുകളും വിഷയങ്ങളും രീതികളുമെല്ലാം ഇൻഫർമേഷൻ ബുള്ളറ്റിനിൽ വിശദീകരിച്ചിട്ടുണ്ട്. ഓരോ ചോദ്യപേപ്പറിലും 100 ചോദ്യങ്ങൾ വീതമുണ്ടാവും. ജനറൽ പേപ്പറിന് ഇംഗ്ലീഷ്/ഹിന്ദി ഭാഷയിലെ ചോദ്യപേപ്പർ തെരഞ്ഞെടുക്കാം. ശരി ഉത്തരത്തിന് നാല് മാർക്ക്. ഉത്തരം തെറ്റിയാൽ ഓരോ മാർക്ക് വീതം കുറയ്ക്കും. എൻട്രൻസ് പരീക്ഷാ സിലബസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

കേരളത്തിൽ ആലപ്പുഴ/ചെങ്ങന്നൂർ, അങ്കമാലി, എറണാകുളം/മൂവാറ്റുപുഴ, ഇടുക്കി, കണ്ണൂർ, കാസർഗോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, പയ്യന്നൂർ, തിരുവനന്തപുരം, തൃശൂർ, വയനാട് എന്നിവയും ലക്ഷദ്വീപിൽ കവരത്തിയും പരീക്ഷാകേന്ദ്രങ്ങളാണ്. മംഗളൂരു, മൈസൂരു, ബെംഗളൂരു ഉൾപ്പെടെ 32 പരീക്ഷാകേന്ദ്രങ്ങളാണ് കർണാടകത്തിലുള്ളത്. നാല് നഗരങ്ങൾ പരീക്ഷക്കായി തെരഞ്ഞെടുക്കാം. വിദേശങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്.

ബിരുദധാരികൾക്കും ഇക്കൊല്ലം ഫൈനൽ ഡിഗ്രി പരീക്ഷയെഴുതുന്നവർക്കും സിഇയുടി പിജി-2022 ൽ പങ്കെടുക്കാം. പ്രായപരിധിയില്ല. എന്നാൽ അതത് സർവ്വകലാശാലകൾ പിജി പ്രോജക്ടുകൾക്ക് നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർക്കാണ് പ്രവേശനത്തിന് അർഹത.

പ്രവേശന പരീക്ഷയുടെ റാങ്ക് അടിസ്ഥാനത്തിൽ ഏകജാലക സംവിധാനത്തിലൂടെ വൈവിധ്യമാർന്ന വിഷയങ്ങളിൽ നിരവധി മാസ്‌റ്റേഴ്‌സ് പ്രോഗ്രാമുകളിലാണ് അഡ്മിഷൻ. സിയുഇടി പിജി 2022 ൽ യോഗ്യത നേടുന്നവർക്ക് പ്രവേശനം നൽകുന്ന വാഴ്‌സിറ്റികളും കോഴ്‌സുകളും വിഷയങ്ങളും യോഗ്യതാ മാനദണ്ഡങ്ങളുമെല്ലാം ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.

സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരള, കാസഗോഡിൽ (www.cukerala.ac.in) ലഭ്യമായ പിജി പ്രോഗ്രാമുകൾ ഇവയാണ്: എംഎ ഇക്കണോമിക്‌സ് (സീറ്റുകൾ-50), ഇംഗ്ലീഷ് ആന്റ് കംപേരറ്റീവ് ലിറ്ററേച്ചർ (50), ലിംഗുസ്റ്റിക്‌സ് ലാംഗുവേജ് ടെക്‌നോളജി (50), ഹിന്ദി ആന്റ് കംപേരറ്റീവ് ലിറ്ററേച്ചർ (50), ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പോളിസി സ്റ്റഡീസ് (50), മാസ്റ്റർ ഓഫ് സോഷ്യൽവർക്ക് (എംഎസ്ഡബ്ല്യു) (50), എംഎഡ് (63), എംഎസ്‌സി- സുവോളജി (38), ബയോകെമിസ്ട്രി (38), കെമിസ്ട്രി (38), കമ്ബ്യൂട്ടർ സയൻസ് (38), എൻവയോൺമെന്റൽ സയൻസ് (38), ജനോമിക് സയൻസ് (38), ജിയോളജി (38), മാത്തമാറ്റിക്‌സ് (50), ബോട്ടണി (38), ഫിസിക്‌സ് (38), യോഗ തെറാപ്പി (50), എൽഎൽഎം (50), എംപിഎച്ച്‌ (50), എംബിഎ (38), എംബിഎ ടൂറിസം ആന്റ് ട്രാവൽ മാനേജ്‌മെന്റ് (38), എംകോം (50), എംഎ- കന്നഡ (50); പിജി ഡിപ്ലോമ- യോഗ (50), എൻആർഐ ലോസ് (50), ഹിന്ദി- മാസ് കമ്യൂണിക്കേഷൻ ആന്റ് മീഡിയ റൈറ്റിംഗ് (20), ഹിന്ദി ട്രാൻസ്‌ലേഷൻ ആന്റ് ഓഫീസ് പ്രൊസിഡ്യൂവർ (20) ഈ കോഴ്‌സുകളിലേക്കുള്ള പ്രവേശന യോഗ്യതകൾ വെബ്‌സൈറ്റിലുണ്ട്.

മറ്റ് കേന്ദ്രസർവ്വകലാശാലകളിൽ തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, സൗത്ത് ബീഹാർ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു, ഝാർഖണ്ഡ്, കശ്മീർ, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, മണിപ്പൂർ എന്നിവ ഉൾപ്പെടും. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, രാജീവ്ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്‌മെന്റ്, ഹൈദ്രാബാദ് യൂണിവേഴ്‌സിറ്റി, ദി ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗുവേജ് യൂണിവേഴ്‌സിറ്റി, നോർത്ത് ഈസ്‌റ്റേൺ ഹിൽ യൂണിവേഴ്‌സിറ്റി, ബാബാസാഹിബ് ഭീംറാവു അംബേദ്കർ യൂണിവേഴ്‌സിറ്റി അടക്കമുള്ള കേന്ദ്രസർവ്വകലാശാലകളിലും ഏതാനും സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റികളിലും നാഷണൽ റെയിൽ ആന്റ് ട്രാൻസ്‌പോർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലും (കൽപിത സർവ്വകലാശാല) ഈ എൻട്രൻസ് പരീക്ഷയുടെ റാങ്ക് അടിസ്ഥാനത്തിലാണ് പിജി പ്രവേശനം.

Advertisement