ആമസോണില്‍ നിന്ന് കേടായ ഉത്പന്നങ്ങള്‍ ഇനി അയയ്ക്കില്ല; കാരണമിതാണ്

Advertisement

ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുമ്പോള്‍ മിക്കവര്‍ക്കും കേടായ ഉത്പന്നങ്ങള്‍ ലഭിക്കാറുണ്ട്. അത് തിരികെ നല്‍കി വാങ്ങാനും ബുദ്ധിമുട്ടാണ്. ഇതിനെല്ലാം പരിഹാരവുമായി എത്തിയിരിക്കുകയാണ് ആമസോണ്‍. വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ നല്ല നിലയില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആമസോണ്‍ അതിന്റെ വെയര്‍ഹൗസുകളില്‍ വലിയ മാറ്റം വരുത്തുന്നു. ഓര്‍ഡര്‍ ലഭിക്കുന്ന സാധനങ്ങള്‍ കയറ്റി അയക്കുന്നതിനുമുന്‍പ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സഹായത്തോടെ പരിശോധിക്കും. അതായത് ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും ആമസോണ്‍ ഒരു ഉത്പന്നം കയറ്റി അയയ്ക്കുകയുള്ളൂ. ഇതിലൂടെ സാധനങ്ങള്‍ പാക്ക് ചെയ്യുന്നതും എളുപ്പത്തിലാവും.
ആമസോണിന്റെ വെയര്‍ഹൗസുകളില്‍ കൂടുതല്‍ ഓട്ടോമേഷന്‍ ലഭ്യമാക്കുന്നതിനുള്ള ഒരു ചുവടുവയ്പ് കൂടിയാണിത്. ഇപ്പോള്‍, ആമസോണിന്റെ വെയര്‍ഹൗസുകളിലെ തൊഴിലാളികളാണ് ഓരോ ഉത്പന്നങ്ങളുടെയും പരിശോധന നടത്തുന്നത്. എന്നാല്‍ ഓര്‍ഡറുകളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ പലപ്പോഴും ചെറിയ കേടുപാടുകള്‍ കണ്ടെത്താന്‍ സാധിക്കില്ല. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോട് കൂടിയാണ് എഐ സാങ്കേതിക വിദ്യയുടെ സഹായം ആമസോണ്‍ തേടുന്നത്. ഇനിമുതല്‍ എഐ പരിശോധനയ്ക്ക് ശേഷമായിരിക്കും ആമസോണ്‍ ഓഡറുകള്‍ ഷിപ്പിങ്ങിനായി പുറപ്പെടുക.
വെയര്‍ഹൗസ് പ്രക്രിയയുടെ പിക്കിങ്, പാക്കിങ് ഘട്ടങ്ങളിലാണ് എഐ പരിശോധന നടക്കുക. സംഭരണ ശാലകളില്‍ എത്തുന്ന ഉത്പങ്ങള്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കേടുപാടുകള്‍ ഉണ്ടോ എന്ന് ആദ്യം പരിശോധിക്കും. എന്തെങ്കിലും കേടുപാട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഒരു ജീവനക്കാരന്‍ അത് സൂക്ഷ്മമായി പരിശോധിക്കും. അതിനുശേഷം മാത്രമായിരിക്കും ഉത്പന്നങ്ങള്‍ കയറ്റി അയയ്ക്കുക. കേടുപാടുകള്‍ സംഭവിച്ച ഉപകരണങ്ങള്‍ ആളുകളിലേക്ക് എത്തുന്നില്ല എന്ന് ഉറപ്പാക്കുന്നതിനൊപ്പം നല്‍കുന്ന പ്രോഡക്ടുകള്‍ നിലവാരമുള്ളതാണ് എന്ന് ഉറപ്പാക്കി ആളുകളില്‍ വിശ്വാസം വര്‍ധിപ്പിക്കാമെന്നുമാണ് കമ്പനി കണക്കുകൂട്ടുന്നത്.

Advertisement