ന്യൂഡല്‍ഹി: ഇന്‍സ്റ്റാഗ്രാമിലെ പോലെ സ്റ്റോറികള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ടെലിഗ്രാം. ജൂലൈ ആദ്യം സ്റ്റോറി ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് സിഇഒ പവല്‍ ദുറോവ് അറിയിച്ചു.
നിലവില്‍ ടെലിഗ്രാമിന്റെ മുഖ്യ എതിരാളിയായ വാട്സ്ആപ്പില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ ഫീച്ചര്‍ നിലവില്‍ വന്നിരുന്നു. കഴിഞ്ഞ കുറെ നാളുകളായി ടെലിഗ്രാം ഉപയോക്താക്കള്‍ ഈ ഫീച്ചര്‍ ആവശ്യപ്പെട്ട് വരികയാണ്. വാട്സ്ആപ്പിന് സമാനമായി സ്വകാര്യത സംരക്ഷിക്കുന്ന നിലയില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനാണ് ടെലിഗ്രാം ഒരുങ്ങുന്നത്.
സ്റ്റോറികള്‍ ആരെല്ലാം കാണണമെന്ന് ഉപയോക്താവിന് തന്നെ തീരുമാനിക്കാന്‍ കഴിയുംവിധം സ്വകാര്യത സംരക്ഷിക്കുന്ന സംവിധാനങ്ങളോടെയാണ് ഫീച്ചര്‍ അവതരിപ്പിക്കുക. എവരി വണ്‍, കോണ്‍ടാക്ട്സുകള്‍ മാത്രം, തെരഞ്ഞെടുത്ത കോണ്‍ടാക്ട്സുകള്‍ എന്നിങ്ങനെ വാട്സ്ആപ്പിലെ പോലെ തന്നെ ഉപയോക്താവിന്റെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാന്‍ കഴിയുംവിധമാണ് ക്രമീകരണം ഒരുക്കുക. കൂടാതെ സ്റ്റോറികള്‍ മറച്ചുവെയ്ക്കാന്‍ കഴിയുന്നവിധം ഹിഡന്‍ ലിസ്റ്റും ഉണ്ടാവും.
സ്റ്റോറികള്‍ക്ക് ക്യാപ്ഷന്‍ നല്‍കാന്‍ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. മറ്റുള്ളവര്‍ക്ക് ടാഗ് ചെയ്യാനും കഴിയും. സ്റ്റോറിയുടെ കാലാവധിയുമായി ബന്ധപ്പെട്ട് സമയക്രമവും നിശ്ചയിക്കും. ആറ്, 12, 24, 48 മണിക്കൂറുകള്‍, സ്ഥിരം തുടങ്ങി വിവിധ ഓപ്ഷനുകളില്‍ ഒന്ന് ഉപയോക്താവിന് തെരഞ്ഞെടുക്കാനും കഴിയും.