സോഷ്യല്‍ മീഡിയകളിലുള്‍പ്പെടെയുള്ള കേക്കുകളുടെ റെസിപ്പി കണ്ട് അവ തയ്യാറാക്കുന്നവര്‍ സ്വന്തം നിലയില്‍ ചില പൊടികൈകള്‍ കൂടെയായാല്‍ സംഭവം ഉഷാറാകും. ബേക്കിങ്ങിന്റെ കാര്യത്തില്‍ തുടക്കക്കാരാണെങ്കില്‍ ഉറപ്പായും കേക്ക് തയ്യാറാക്കുമ്പോള്‍ പരീക്ഷിച്ചിരിക്കണ്ട ചില ചേരുവകള്‍ പരിചയപ്പെടാം…
വാനില – നിങ്ങള്‍ തയ്യാറാക്കുന്ന കേക്ക് ഏത് ഫ്ളേവറില്‍ ഉള്ളതാണെങ്കിലും എല്ലാത്തിലും ഒരുപോലെ ചേര്‍ക്കുന്ന ഒന്നാണ് വാനില. അതിപ്പോള്‍ ചോക്ലേറ്റ് കേക്കില്‍ പോലും ഒരല്‍പം വാനില ചേര്‍ക്കാറുണ്ട്.
ഇഞ്ചി – ബേക്കിങ്ങില്‍ വളരെ ഗുണംചെയ്യുന്ന ഒന്നാണ് ഇഞ്ചി. കേക്കില്‍ മാത്രമല്ല കുക്കി തയ്യാറാക്കുമ്പോഴും പുഡ്ഡിങ്, ടാര്‍ട്ട് തുടങ്ങിയവ ഉണ്ടാക്കുമ്പോഴുമൊക്കെ ഇഞ്ചി ആവശ്യമാണ്.
കറുവപ്പട് – കാരറ്റ് കേക്ക്, ആപ്പിള്‍ പൈ തുടങ്ങി കോഫിയുടെ രുചിയുള്ള ഡെസര്‍ട്ടുകളിലെല്ലാം കറുവപ്പട്ട ചേര്‍ക്കും. പക്ഷെ, മറ്റ് ചേരുവകള്‍ പോലെയല്ല, കറുവപ്പട്ട ചേര്‍ക്കുമ്പോള്‍ അളവ് പ്രത്യേകം ശ്രദ്ധിക്കണം. ഒരല്‍പം കൂടിപ്പോയാല്‍ രുചിയും മണവുമെല്ലാം മുന്നിട്ടുനില്‍ക്കും.
ജാതിക്ക – ജാതിക്ക ചേര്‍ക്കുമ്പോള്‍ കേക്കിന്റെ രുചി മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താം എന്നകാര്യത്തില്‍ സംശയം വേണ്ട. കറുവപ്പട്ടയും ഇഞ്ചിയും ചേര്‍ക്കുന്നതിനൊപ്പം ഒരല്‍പം ജാതിക്കയും ഉള്‍പ്പെടുത്താം.
ഏലക്ക – ഇന്ത്യന്‍ മധുരപലഹാരങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ഏലക്ക. വാനിലയും കറുവപ്പട്ടയും പോലെതന്നെ ഏലക്കയും പരീക്ഷിക്കാവുന്ന ഒന്നാണ്. ആപ്പിള്‍, പഴം, പ്ലം, തേങ്ങ, നട്ട്സ് തുടങ്ങിയ ചേരുവകള്‍ക്കൊപ്പം ഏലക്ക നല്ലതായിരിക്കും.
കുങ്കുമപ്പൂവ് – ഇന്ത്യന്‍ ഡെസര്‍ട്ട് റെസിപ്പികളിലെ മറ്റൊരു സ്ഥിരം സാന്നിധ്യമാണിത്. കേക്കുകളുടെ രുചി കൂട്ടാന്‍ കുങ്കുമപ്പൂവ് ചേര്‍ക്കാം. വീര്യം കൂടുതലായതിനാല്‍ അളവ് ശ്രദ്ധിച്ചുവേണം ചേര്‍ക്കാന്‍.
തക്കോലം – ബേക്കിങ്ങില്‍ അത്ര ഉപയോഗിക്കാത്ത ഒന്നാണ് തക്കോലം. പരീക്ഷണം ഇഷ്ടമുള്ളവര്‍ക്ക് ഇതില്‍ ഒരുകൈ നോക്കാം. ചെറിയ പരീക്ഷണങ്ങള്‍ നടത്തി മധുരവിഭവങ്ങളില്‍ തക്കോലത്തിന്റെ രുചി ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ മാത്രം കേക്കില്‍ ചേര്‍ക്കാം.