നമ്മുടെ എല്ലാവരുടെയും വീട്ടുകളിലെ സ്ഥിര ശല്യമാണ് പല്ലികള്‍. പല്ലികള്‍ ഇരുന്ന ഭക്ഷണം കഴിയ്ക്കുന്നത് നമുക്കും പല രോഗങ്ങളും പിടിപെടാന്‍ കാരണമാകും. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീട്ടില്‍ നിന്ന് വളരെ എളുപ്പത്തില്‍ പല്ലികളെ തുരത്താം.
പല്ലിയെ തുരത്താന്‍ നമ്മള്‍ വീട്ടില്‍ വളര്‍ത്തുന്ന പനികൂര്‍ക്ക തന്നെ ധാരാളം. പനികൂര്‍ക്കയുടെ ഗന്ധം പല്ലികളെ അകറ്റി നിര്‍ത്തും. സാധാരണ അടുക്കളയിലും മേശയ്ക്ക് മുകളിലും മറ്റും പല്ലിയുടെ ശല്യം രൂക്ഷമായി കാണാറുണ്ട്. ഇവിടെയെല്ലാം പനികൂര്‍ക്കയില നുള്ളി ഇട്ടാല്‍ പല്ലി വരില്ല.
ഇതുകൂടാതെ, ഭിത്തികളിലും പനിക്കൂര്‍ക്കയില കെട്ടിത്തൂക്കി ഇടുന്നത് നല്ലതാണ്. ഇനി പനികൂര്‍ക്കയില കിട്ടിയില്ലെങ്കിലും വേറൊരു രീതിയില്‍ പല്ലിയെ തുരത്താം. പല്ലിയെ നശിപ്പിക്കാതെ തന്നെ അവയുടെ ശല്യം ഒഴിവാക്കാനുള്ള മികച്ച വഴിയാണിത്.
ഇതിന് പുറമെ നമ്മുടെ അടുക്കളയിലുള്ള ചില സാധനങ്ങള്‍ മതി പല്ലിയെ തുരത്താന്‍. ഉള്ളിയുടെയും വെളുത്തുള്ളിയുടെയും രൂക്ഷഗന്ധം പല്ലികള്‍ക്ക് സഹിക്കാന്‍ കഴിയില്ല. ഉള്ളിയുടെയും വെളുത്തുള്ളിയുടെയും നീര് അല്‍പം വെള്ളത്തില്‍ കലര്‍ത്തി പല്ലികള്‍ കൂടുതലായി കാണുന്ന സ്ഥലങ്ങളില്‍ തളിക്കുക. കര്‍ട്ടനുകള്‍ക്കും ക്ലോക്കിനും പിന്നിലും, വാതിലിന്റെ ഇടയിലും മറ്റും തളിച്ചുകൊടുക്കുന്നത് നല്ലതാണ്. ഇത് പല്ലികളെ തുരത്താനുള്ള ഉത്തമവഴിയാണ്.
പല്ലികള്‍ക്കെതിരെ പെപ്പര്‍ സ്‌പ്രേ പ്രയോഗവും മികച്ച ഫലം ചെയ്യും. ഒരു സ്‌പ്രേ കുപ്പിയില്‍ കുറച്ച് വെള്ളമെടുത്ത് അതിലേക്ക് കുരുമുളക് പൊടിയും കുറച്ച് ചുവന്ന മുളകുപൊടിയും ഇട്ട് കുലുക്കി യോജിപ്പിക്കണം. പല്ലി കൂടുതലായി കാണുന്ന സ്ഥലങ്ങളില്‍ ഈ സ്‌പ്രേ തളിച്ചുകൊടുക്കാവുന്നതാണ്. പല്ലികള്‍ക്ക് കുരുമുളക് അസഹനീയമായതിനാല്‍ ഇവയുടെ ശല്യമുണ്ടാകില്ല.
പല്ലികളെ തുരത്താനുള്ള മറ്റൊരു ഫലപ്രദമായ മാര്‍ഗമാണ് മുട്ടത്തോട്. പനികൂര്‍ക്കയും ഉള്ളിയും പോലെ മുട്ടത്തോടിന്റെ ഗന്ധവും പല്ലികളെ അകറ്റി നിര്‍ത്തും. ഇതിനായി ഉപയോഗിച്ച് കഴിഞ്ഞ മുട്ടത്തോട് പല്ലികളുള്ള ഇടങ്ങളില്‍ വയ്ക്കുക. നാഫ്തലിന്‍ ഗുളികകള്‍ അഥവാ പാറ്റഗുളികകള്‍ പല്ലിക്ക് എതിരെ പ്രയോഗിക്കുന്ന ഫലപ്രദമായ മാര്‍ഗമാണ്. ഇതിന് പുറമെ, വായു സഞ്ചാരം മുറികളിലെത്തുന്നു എന്നത് ഉറപ്പാക്കണം. കാരണം, ഇരുണ്ട വായു അധികം കടന്നുവരാത്ത മുറികളാണ് പല്ലികളുടെ ഇഷ്ട വാസസ്ഥലം.