പ്രാണികളെ കഴിക്കുക എന്ന് പറയുന്നത് നിങ്ങള്‍ക്ക് അസാധാരണമായോ പുതുതായോ തോന്നാം എന്നാല്‍ നിങ്ങള്‍ കരുതുന്നത്തിലും സാധാരണമാണിത്. പ്രോട്ടീന്റെയും ഫൈബറിന്റെയും കലവറയായ ഉറുമ്പുകളെ പ്രത്യേകിച്ചും. കൂടാതെ മിനറല്‍സായ അയണ്‍, സിങ്ക് , മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയും ഉറുമ്പുകളിലുണ്ട്.
ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ഗോത്രവര്‍ഗക്കാരുടെ പ്രിയപ്പെട്ട വിഭവമാണ് ഉറുമ്പ് ചമ്മന്തി. തങ്ങളുടെ പോഷകാവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് അവര്‍ ഉറുമ്പിനെ പല വിഭവങ്ങളാക്കി കഴിക്കാറുള്ളത്. അതില്‍ ഏറ്റവും ശ്രദ്ധേയമായ വിഭവം നല്ല ചുവന്ന ഉറുമ്പ് ചമ്മന്തിയാണ്. ഇപ്പോഴിതാ ഈ ചമ്മന്തിക്ക് കേന്ദ്രസര്‍ക്കാരിന്റെ ജിയോഗ്രഫിക്കല്‍ ഐഡന്റിക്കേഷന്‍ (ജിഐ) ടാഗ് ലഭിച്ചിരിക്കുകയാണ്. സിമിലിപാല്‍ കൈ ചട്നി എന്നറിയപ്പെടുന്ന ചമ്മന്തിക്ക് ജനുവരി നാലിനാണ് ജിഐ ടാഗ് ലഭിച്ചത്.
ഒഡീഷയ്ക്ക് പുറമെ ഛത്തീസ്ഗഢിലെയും ജാര്‍ഖണ്ഡിലെയും ചില പ്രദേശങ്ങളില്‍ ഉറുമ്പുകളെ ചമ്മന്തികളില്‍ പ്രധാന ചേരുവയായി ഉപയോഗിക്കാറുണ്ട്. ഉറുമ്പുകളെ ഒരു പോഷക സ്രോതസ്സായി കണക്കാക്കി തയ്യാറാക്കിയ ടോണിക്കുകളും ആരോഗ്യഭക്ഷണങ്ങളും ചൈനയില്‍ സുലഭമാണ്. 1996 മുതല്‍ ദി സ്റ്റേറ്റ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് സ്റ്റേറ്റ് ഹെല്‍ത്ത് മിനിസ്ട്രി ഓഫ് ചൈന ഉറുമ്പുകള്‍ അടങ്ങിയ മുപ്പത്തോളം ആരോഗ്യ ഉല്‍പ്പന്നങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്ന് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ ഓഫ് യുണൈറ്റഡ് നേഷന്‍സിന്റെ വെബ്‌സൈറ്റില്‍ 2013-ല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.