സുഖകരമല്ലാത്ത ഉറക്കത്തിന്റെ ലക്ഷണമാണ് കൂര്‍ക്കം വലി. പ്രായം, ഭാരം, ആരോഗ്യസ്ഥിതി, സൈനസ് പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം കൂര്‍ക്കംവലിക്ക് കാരണമാകാറുണ്ട്. എന്നാല്‍ ചില അവസ്ഥകളില്‍ കൂര്‍ക്കംവലിക്ക് നല്ല ചികില്‍സ ആവശ്യമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കൂര്‍ക്കംവലിയെ ഒരുപരിധി നിയന്ത്രിക്കാന്‍ സാധിക്കും.
ഭാരം കുറയ്ക്കാം– ഭാരം ഒരല്‍പം കുറയ്ക്കുന്നത് കൂര്‍ക്കംവലി നിയന്ത്രിക്കാന്‍ സഹായിക്കും. കഴുത്തിനു ചുറ്റും ഭാരം കൂടുന്നത് ചിലപ്പോള്‍ കൂര്‍ക്കംവലിക്ക് കാരണമാകും. ശരീരത്തിലെ ഫാറ്റിന്റെ അളവ് അതിനാല്‍ കുറയ്ക്കുക.
വ്യായാമം ചെയ്യുക– വ്യായാമം ചെയ്യുന്നതില്‍ കുറവ് വരുത്തേണ്ട. ഇതു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കഴുത്തിലെ പേശികള്‍ക്ക് ആയാസം കിട്ടുംവിധം പതിവായി വ്യായാമം ചെയ്യുക. ഇത് കൂര്‍ക്കംവലി തടയാന്‍ സഹായിക്കും.
മദ്യപാനം വേണ്ടേ വേണ്ട- ഉറങ്ങുന്നതിനു മുമ്പ് അമിതമായി മദ്യപിക്കുന്നത് കൂര്‍ക്കംവലിക്കു കാരണമാകുന്നുണ്ട്. തൊണ്ടയിലെ മസിലുകളെ അയയ്ക്കുകയും ഉറക്കം കൂട്ടുകയും ചെയ്യും മദ്യം എന്നോര്‍ക്കുക.
പുകവലി വേണ്ട – പുകവലി ശീലമുള്ളവര്‍ കൂര്‍ക്കംവലിയെ പേടിക്കണം. അതിനാല്‍ പുകവലി ശീലം ഉപേക്ഷിക്കുക.
കിടപ്പ് ശ്രദ്ധിക്കുക- ഉറക്കത്തിന്റെ ശീലവും കൂര്‍ക്കംവലിയും തമ്മില്‍ ബന്ധമുണ്ട്. മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍ തലയണ ഒഴിവാക്കുക. ചരിഞ്ഞു കിടന്നുറങ്ങുമ്പോള്‍ കനം കുറഞ്ഞ തലയണ ഉപയോഗിക്കണം. തൊണ്ടയ്ക്ക് ആയാസം ലഭിക്കുന്ന രീതിയില്‍ ഒരിക്കലും കിടക്കരുത്.
ആഹാരം– ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പ് ആഹാരം കഴിക്കണം. ഹെവി ഫുഡ് കഴിച്ച ശേഷം ഉറക്കത്തിനു പോയാല്‍ ചിലപ്പോള്‍ കൂര്‍ക്കംവലി ഉണ്ടാകാം.