പുരുഷന്മാരില്‍ ബീജത്തിന്റെ കൗണ്ട് കുറയുന്നു; കാരണങ്ങള്‍, പരിഹാരം..

Advertisement

പുരുഷ ബീജം അഥവാ സ്പേം എന്നത് ഗര്‍ഭധാരണത്തിന് അത്യാവശ്യമായ ഒന്നാണ്. സാധാരണ ഗതിയില്‍ ഒരു ബീജമാണ് അണ്ഡവുമായി സംയോജിച്ച് ഗര്‍ഭധാരണം സംഭവിയ്ക്കുന്നതെങ്കിലും ഗര്‍ഭധാരണം സാധ്യമാക്കാന്‍ കുറഞ്ഞത് 15 മില്യണ്‍ സ്പേം ഓരോ മില്ലീലിറ്ററിലും വേണമെന്നാണ് കണക്ക്.
ഇതില്‍ കുറവെങ്കില്‍ ബീജസംഖ്യ കുറവ് എന്ന ഗണത്തില്‍ അയാളെ പെടുത്താം. ഗര്‍ഭധാരണത്തിന് തടസമായി നില്‍ക്കുന്ന ഒന്നാണ് കുറവ് ബീജസംഖ്യ. എന്നാല്‍ അടുത്തിടെ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത് ഇന്ത്യയിലെ പുരുഷന്മാരില്‍ ബീജസംഖ്യ കുറയുന്നുവെന്നതാണ്. ഒലിഗോസ്പേര്‍മിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.

കാരണങ്ങള്‍
പുകവലി, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം, തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ മൂലമുള്ള പൊണ്ണത്തടി, സമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ ഘടകങ്ങളാണ് സ്‌പേം കൗണ്ട് കുറയാന്‍ കാരണം. പുകവലിക്കാത്തവരെ അപേക്ഷിച്ച് സിഗരറ്റ് വലിക്കുന്നവരില്‍ സ്‌പേം കൗണ്ട് കുറവായിരിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അമിതമായ മദ്യപാനവും അനബോളിക് സ്റ്റീറോയ്ഡുകളുടെയും കൊക്കെയ്‌ന്റെയും ഉപയോഗവും സ്‌പേം കൗണ്ട് കുറയാന്‍ കാരണമാകും.
ഇപ്പോഴത്തെ കാലത്ത് ഒരു ആരോഗ്യപ്രശ്‌നമാണ് സ്‌ട്രെസ് അഥവാ സമ്മര്‍ദം. ഇത് പെട്ടെന്ന് ശരീരഭാരം കൂടാനും ഉറക്കം തടസ്സപ്പെടാനും അതോടൊപ്പം ഫെര്‍ട്ടിലിറ്റിയെയും ബാധിക്കും.
ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍, ആന്റിബയോട്ടിക്‌സ് പോലുള്ള മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, ഹോര്‍മോണ്‍ അസന്തുലനം തുടങ്ങിയവയെല്ലാം ബീജത്തിന്റെ കൗണ്ട് കുറയാന്‍ കാരണമാകും. വൃഷണസഞ്ചിക്കു ചുറ്റുമുള്ള ഞരമ്പുകള്‍ വികസിക്കുന്നത് വൃഷണങ്ങളിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ടെസ്റ്റോസ്റ്റീറോണിന്റെ ഉല്‍പാദനം കുറയ്ക്കുകയും ചെയ്യും. ലിംഗത്തിന്റെ അറ്റത്തു നിന്നു വരുന്നതിനു പകരം, ബീജം മൂത്രസഞ്ചിയില്‍ എത്തുന്നതു വഴിയും സ്‌പേം കൗണ്ട് കുറയാം.

പ്രതിരോധവും ചികിത്സയും
മിക്കവരിലും ജീവിതശൈലി വ്യത്യാസപ്പെടുത്തുന്നതിലൂടെ ഒലിഗോസ്‌പേമിയ തടയാനും ചികിത്സിച്ചു മാറ്റാനും പറ്റും. ഇതിനായി മദ്യോപയോഗം കുറയ്ക്കാം. പുകവലി ഉപേക്ഷിക്കാം. മയക്കുമരുന്ന് ഉപയോഗിക്കരുത്. കൂടാതെ ആരോഗ്യകരമായ ഭക്ഷണവും വ്യായാമചര്യയും ശീലമാക്കാം. ഒപ്പം സമ്മര്‍ദം കുറയ്ക്കുകയും ആവാം. ചൂടുള്ള വസ്തുക്കളുമായി വൃഷണസഞ്ചി സമ്പര്‍ക്കത്തില്‍ വരാതെയും നോക്കണം.
കുറഞ്ഞ സ്‌പേം കൗണ്ടിനുള്ള മറ്റ് ചികിത്സാമാര്‍ഗങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ചിലരില്‍ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. അല്ലെങ്കില്‍ ഹോര്‍മോണ്‍ ചികിത്സയും ലഭ്യമാണ്. മരുന്നു കഴിച്ചും ഈ അവസ്ഥ ഭേദമാക്കാവുന്നതാണ്. വൈദ്യസഹായം തേടുന്നതിലൂടെ മികച്ച ചികിത്സ ലഭ്യമാക്കി ആരോഗ്യം കൈവരിക്കാനാകും.