ഈ ചൂടിന് അല്‍പ്പം തണുപ്പാവാം… കണ്ണും പൂട്ടി ഇവ വാങ്ങി കുടിക്കരുത്….

Advertisement

വേനല്‍ കനക്കുമ്പോള്‍ വഴിയോരത്തെ ശീതളപാനീയ കച്ചവടവും പൊടിപൊടിക്കുകയാണ്. കുലുക്കി സര്‍ബത്ത്, കരിമ്പ് , ഓറഞ്ച്, തണ്ണിമത്തന്‍, പപ്പായ, പൊട്ടുവെള്ളരി, മുന്തിരി എന്നീ ഫലവര്‍ഗ്ഗങ്ങളുടെ ജൂസുകള്‍ ഇന്ന് നഗരത്തില്‍ എല്ലായിടത്തും സുലഭമാണ്. ഈ ചൂടിന് അല്‍പ്പം തണുപ്പാവാം എന്നു കരുതി കണ്ണും പൂട്ടി ഇവ വാങ്ങി കുടിക്കുന്നതിനു മുമ്പ് അസുഖം ക്ഷണിച്ചു വരുത്തുകയാണെന്നു കൂടിയോര്‍ക്കണം.
കുടിവെള്ളക്ഷാമവും ചൂടും ശക്തിയാര്‍ജിക്കുന്നതോടെ ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഇരട്ടിയാണ്. ഇതോടൊപ്പം മതിയായ ശുചിത്വമില്ലാതെ വഴിയരികില്‍ കച്ചവടം നടത്തുന്നത് വലിയ അസുഖങ്ങള്‍ക്കും വഴിയൊരുക്കും.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ എല്ലാ വഴിയോരങ്ങളിലും ഇത്തരം കച്ചവടങ്ങള്‍ തകൃതിയായി നടക്കുന്നത്. കച്ചവടങ്ങള്‍ക്ക് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടികടന്നുവന്നതോടെ രോഗം പകരാനുള്ള സാധ്യതയും കൂടി. റോഡരികിലെ പൊടിയിലും അഴുക്കിലും സൂക്ഷിക്കുന്ന പഴവര്‍ഗ്ഗങ്ങളാണ് വില്‍പനയ്ക്കായി വയ്ക്കുന്നത്. കരിമ്പും, പൊട്ടുവെള്ളരിയും, തണ്ണിമത്തനുമാണ് പലപ്പോഴും ജ്യൂസിനായി ഉപയോഗിക്കുന്നത് തമിഴ്നാടില്‍ നിന്നും ലോഡുകണക്കിനെത്തുന്ന കരിമ്പ് ഇടനിലക്കാര്‍ വിലയ്ക്കെടുത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ വഴി ജ്യൂസുണ്ടാക്കി വില്‍ക്കുകയാണ്.
പാതയോരമാണ് പ്രധാനമായും ഇവരുടെ താവളം. ദിനം പ്രതി ആയിരക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്നുണ്ടെങ്കിലും ഇവര്‍ ഉപയോഗിക്കുന്ന ഐസും വെള്ളവും ഗുണനിലവാരമില്ലാത്തതാണ്. അവര്‍ ഉപയോഗിക്കുന്ന വെള്ളം പലപ്പോഴും മലിനമായിരിക്കും.
ഉപയോഗിക്കുന്ന ഐസാകട്ടെ മത്സ്യത്തിലിടാന്‍ ഉപയോഗിക്കുന്നവയും. ഹെപ്പറ്റൈറ്റിസ് എ വൈറസുകള്‍ക്ക് ഐസില്‍ ഒരുപാട് കാലങ്ങളോളം ജീവിക്കാന്‍ പറ്റും. ഇത് മഞ്ഞപ്പിത്തത്തിന് കാരണമാകും.

Advertisement