കാണം വിറ്റും ഓണമുണ്ണണമെന്നാണ് പഴഞ്ചൊല്ല്. മലയാളികളുടെ ഷോപ്പിങ് കാലമാണ് ഓണക്കാലം. വമ്പന്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളും ചുറ്റിലും വിപണികളില്‍ നിറഞ്ഞു കഴിഞ്ഞു. ഓണക്കോടി ഉള്‍പ്പടെ എന്തെല്ലാം വാങ്ങാന്‍ കിടക്കുന്നു. എന്നാല്‍ ഏതു വിശേഷത്തിനായാലും ഷോപ്പിങ് നടത്തുമ്പോള്‍ കുറച്ചധികം ശ്രദ്ധ വേണം. ഇല്ലെങ്കില്‍ ഷോപ്പിങ്ങില്‍ നിന്നു കിട്ടുന്ന സന്തോഷം പിന്നെ ദുഃഖത്തിന് വഴിമാറും. അതൊഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.
ഉപയോഗം
ചില വസ്ത്രങ്ങള്‍ ഓണത്തിനോ മറ്റു വിശേഷങ്ങള്‍ക്കോ മാത്രം ഉപയോഗിക്കാന്‍ പറ്റുന്നവയാകും. എത്തരത്തിലുള്ള വസ്ത്രം വേണമെന്ന് നേരത്തെ തീരുമാനിക്കുക. നിങ്ങളുടെ ആവശ്യം, ഉപയോഗരീതി എന്നിവ പരിഗണിച്ച് വസ്ത്രം, മെറ്റീരിയില്‍ എന്നിവ തിരഞ്ഞെടുക്കുക.
ബജറ്റ്
നിങ്ങള്‍ക്ക് ചെലവാക്കാന്‍ കഴിയുന്ന തുകയുടെ പരിധി നിശ്ചയിക്കുക, അത് വരവറിഞ്ഞു ചെലവാക്കാന്‍ നിങ്ങളെ സഹായിക്കും. കടയില്‍ ചെന്ന് ആദ്യം ആവശ്യമുള്ള സാധനങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക. എന്നിട്ടും ബാക്കി പണമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സാധനങ്ങള്‍ വില നോക്കിയ ശേഷം ഷോപ്പിങ് ബാസ്‌കറ്റില്‍ ഇടാം.
ആവശ്യം
ഡിസ്‌കൗണ്ട് എന്നു കണ്ടപാടെ വീണ്ടുവിചാരമില്ലാതെ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നവരാണ് പലരും. പിന്നീടു വീട്ടിലെത്തി നോക്കുമ്പോഴാകും ആവശ്യമില്ലാത്ത എത്ര സാധനങ്ങളാണ് വാങ്ങി കൂട്ടിയതെന്നു തിരിച്ചറിയുന്നത്. ഓരോ സാധനവും ആവശ്യമുണ്ടോ എന്ന് വിലയിരുത്തിയശേഷം വാങ്ങുക. ബില്‍ അടിക്കുംമുമ്പ് സാധനങ്ങളിലൂടെ ഒന്നു കൂടെ കണ്ണോടിച്ച് ഉറപ്പു വരുത്തുക. വേണ്ടെന്നു തോന്നുന്നത് തിരികെ വയ്ക്കാന്‍ ലജ്ജിക്കേണ്ടതില്ല.
ഗുണമേന്മ
തിരക്കില്‍ സാധനങ്ങള്‍ സമയം കുറവായിരിക്കാം. എന്നാലും ഗുണനിലവാരം നോക്കാന്‍ ഒട്ടും ഉപേക്ഷ വിചാരിക്കരുത്. ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍ ഡിസ്‌കൗണ്ടിലൂടെ വിറ്റൊഴിവാക്കുന്ന രീതിയുണ്ട്. ആദ്യത്തെ അലക്കിനു നിറം ഇളകുന്ന വസ്ത്രങ്ങളുള്‍പ്പടെ വിപണിയില്‍ കാണും. ഇതൊഴിവാക്കാന്‍ ഗുണം ഉറപ്പാക്കുക. നിങ്ങള്‍ വാങ്ങിയ സാധനം തന്നെയാണ് കവറില്‍ ഉള്ളതെന്ന് കൈപ്പറ്റും മുമ്പ് ഉറപ്പു വരുത്തുക. ഒപ്പം ബില്ലും സാധനങ്ങളില്‍ ഉള്ള വിലയും ഒത്തു നോക്കാം. വാറന്റി ഉള്ള സാധനമാണെങ്കില്‍ വാറന്റി കാര്‍ഡ് തന്നിട്ടുണ്ടോ എന്നു പരിശോധിക്കണം.
വീട്ടില്‍ എത്തിയശേഷം
ഉടനെ വാങ്ങിയ വസ്ത്രങ്ങളിലെ ടാഗ് പൊട്ടിച്ചു കളയരുത്. വീട്ടിലെത്തി ഡ്രസ്സ് അണിഞ്ഞു നോക്കി സംതൃപ്തി തോന്നുന്നില്ലെങ്കില്‍ മാറിയെടുക്കാന്‍ അത് തടസ്സമായേക്കും. വാറന്റി കാര്‍ഡ്, ബില്ലുകള്‍ എന്നിവ ഉടന്‍ ഫയലില്‍ ആക്കി അലമാരയില്‍ സൂക്ഷിക്കാം.