അടുക്കളയില്‍ പാത്രം കഴുകാന്‍ എല്ലാവരും കൂടുതലായും ഉപയോഗിക്കുക സ്റ്റീല്‍ സ്‌ക്രബറുകളാണ്. പാത്രങ്ങള്‍ എളുപ്പത്തില്‍ വൃത്തിയായിക്കിട്ടുന്നതു കൊണ്ടുകൂടിയാണ് എല്ലാവരും ഇത് തെരഞ്ഞെടുക്കുന്നത്. സ്പോഞ്ചിന്റെ സ്‌ക്രബറുകളുണ്ടെങ്കിലും അടിക്ക് പിടിക്കുകയോ കരിയുകയോ ചെയ്ത പാത്രങ്ങള്‍ വൃത്തിയാക്കാന്‍ സ്റ്റീല്‍ സ്‌ക്രബര്‍ തന്നെയാണ് സൂപ്പര്‍. ഇതിനെ ശരിയായ രീതിയില്‍ തന്നെ വേണം ഉപയോഗിക്കാന്‍.
പാത്രങ്ങളിലെ അഴുക്ക് പെട്ടെന്ന് വൃത്തിയാക്കാനാണ് സ്റ്റീല്‍ സ്‌ക്രബര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ നോണ്‍സ്റ്റിക് പാത്രങ്ങളില്‍ ഇവ ഉപയോഗിക്കുമ്പോള്‍ പോറല്‍ വീഴാനുള്ള സാധ്യത കൂടുതലാണ്. നോണ്‍സ്റ്റിക് പാത്രങ്ങള്‍ സ്റ്റീല്‍ സ്‌ക്രബര്‍ കൊണ്ട് ഉരച്ചു കഴുകിയാല്‍ കോട്ടിങ് പെട്ടെന്നു പോവുകയും പാത്രം കേടുവരുകയും ചെയ്യുന്നതാണ്.
ഇനി സ്റ്റീല്‍ പാത്രങ്ങളിലാണെങ്കിലോ… സ്ഥിരമായുള്ള ഉപയോഗം ഇതിനെയും കേടുവരുത്താം. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ അല്ലെങ്കില്‍ പറയുകയും വേണ്ട. ഒന്നോ രണ്ടോ പാത്രങ്ങള്‍ കഴുകുമ്പോള്‍ തന്നെ സ്റ്റീല്‍ സ്‌ക്രബറിന്റെ പുതുമ നഷ്ടപ്പെട്ട് ലൂസ് ആവാന്‍ തുടങ്ങും. കുറച്ചു ദിവസം കൂടെ കഴിയുമ്പോള്‍ സ്റ്റീല്‍സ്‌ക്രബറിന്റെ ഭാഗങ്ങള്‍ പാത്രങ്ങളുടെ ഇടയിലും അടിയിലുമൊക്കെ കാണാം.
അതുകൊണ്ടു പാത്രം കഴുകുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക, മിക്സിയുടെ ജാറിനുള്ളില്‍ കുടുങ്ങിയാലൊന്നും പെട്ടെന്ന് കാണാന്‍ കഴിയില്ല. അതിനാല്‍ വേഗം തന്നെ സ്‌ക്രബര്‍ മാറ്റുകയാണ് വേണ്ടത്. മാത്രമല്ല, പാത്രം കഴുകല്‍ കഴിഞ്ഞാല്‍ ഇവ കഴുകി വൃത്തിയാക്കി ഉണക്കി വയ്ക്കുകയും വേണം.