മുടി വളരാനായി റോസ്‌മേരി വാട്ടര്‍ ഉപയോഗിക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം

Advertisement

റോസ് മേരി ഓയിലിന്റെയും, റോസ് മേരി വാട്ടറിന്റെയും ഉപയോഗം മുടികൊഴിച്ചില്‍ മാറ്റി മുടി തഴച്ചുവളരാന്‍ സഹായിക്കുമെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പലരുടെയും അഭിപ്രായം.
സാമൂഹ്യമാധ്യമങ്ങളിലൂടെ കണ്ട് ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ വളരെ കൂടുതലാണ്. അതിനാല്‍തന്നെ, വിപണിയിലെ സാധ്യതകള്‍ മനസ്സിലാക്കി പല കോസ്മെറ്റിക് ബ്രാന്‍ഡുകളും അവരുടെതായ റോസ്മേരി ഓയില്‍, റോസ്മേരി വാട്ടര്‍ എന്നിവ വിപണിയിലെത്തിക്കുന്നുണ്ട്. എന്നാല്‍ ആരോഗ്യമേഖല ഇതുവരെ റോസ്മേരി ഉപയോഗിച്ചാല്‍ മുടിവളരും എന്ന് സ്ഥിതീകരിച്ചിട്ടില്ല. ഇതിന്റെ പിന്നിലെ യാഥാര്‍ഥ്യമെന്താണ്? ശരിക്കും റോസ്‌മേരി മുടി വളര്‍ത്തും? ഇത്തരം ചോദ്യങ്ങളുടെ ഉത്തരം പരിശോധിക്കാം.

2013-ല്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്, പുരുഷന്മാരിലുണ്ടാവുന്ന ഹോര്‍മോണ്‍ മാറ്റങ്ങളും അതുമൂലമുണ്ടാകുന്ന കഷണ്ടിയും ഇല്ലാതാക്കാന്‍ മിനോക്സിഡില്‍ എന്ന പദാര്‍ഥത്തിന്റെ (നേര്‍പ്പിച്ച് വീര്യം വളരെ കുറച്ചത്) അതേ ഗുണം റോസ്മേരി ഓയിലിലും ഉള്ളതായി കണ്ടെത്തി. ഇതുപയോഗിച്ച് 2022-ല്‍ എലികളിലും ഗവേഷണം നടത്തിയിരുന്നു.
എന്നാല്‍ മുടികൊഴിച്ചില്‍ തടയാനും മുടി വളരാനുമായി ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്ന മിനോക്സിഡില്‍ പോലെ റോസ്മേരി നിര്‍ദേശിക്കാനാവില്ല. ആയിരക്കണക്കിന് ആളുകളില്‍ പരീക്ഷണം നടത്തി ഫലപ്രദമാണെന്ന്, ശാസ്ത്രീയമായി തെളിയിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവിദഗ്ധര്‍ മരുന്നുകള്‍ നിര്‍ദ്ദേശിക്കുക. അതേസമയം തന്നെ റോസ്മേരിക്ക് വിരലിലെണ്ണാവുന്ന തെളിവുകള്‍ മാത്രമാണ് ഉള്ളത്.
റോസ്മേരി ഓയിലും വാട്ടറും നന്നായി മസാജ് ചെയ്താണ് നമ്മള്‍ തലയില്‍ തേച്ചുപിടിപ്പിക്കുന്നത്. ഇത് രക്തപ്രവാഹം കൂട്ടുകയും, നേരിയ തോതില്‍ മുടികൊഴിച്ചില്‍ നീക്കുകയും ചെയ്യും. റോസ്മേരിക്ക് ആന്റി ബാക്ടീരിയല്‍ സ്വഭാവവുമുണ്ട്. അതിനാല്‍ ഇത് ഉപയോഗിക്കുമ്പോള്‍ താരന്‍, ഫംഗസ് എന്നിവ പോവുകയും തലയിലെ ചര്‍മം വൃത്തിയാവുകയും ചെയ്യുന്നു. ഇങ്ങനെ നേരിയ രീതിയിലുള്ള ഫലങ്ങള്‍ ഉണ്ടായേക്കുമെന്നാണ് നിലവിലെ നിഗമനം.

അതേസമയം, റോസ്മേരി വളരെ വീര്യം കൂടിയ പദാര്‍ഥമാണ്. അതിനാല്‍ തന്നെ പലരിലും അലര്‍ജിക്ക് കാരണമായേക്കാം. കൂടാതെ മൈഗ്രൈന്‍ ഉള്ളവര്‍ക്ക് ഇതിന്റെ മണം ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. കൂടാതെ ശിരോചര്‍മ്മത്തില്‍ എക്സിമ, സോറിയാസിസ് എന്നിവയുള്ളവര്‍ റോസ്‌മേരി ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം.