എല്‍പിജി സിലിണ്ടറുകള്‍ വളരെ ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കില്‍ പണികിട്ടും. വലിയ അപകടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഇതിന് ഏറെയാണ്. ജീവന്‍ വരെ നഷ്ടമാവാം. അതില്‍ തന്നെ ഗ്യാസ് ലീക്കേജ് ആണ് അപകടമുണ്ടാക്കുന്നതില്‍ മുമ്പില്‍. ഗ്യാസ് ലീക്ക് ചെയ്യുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ നന്നായി ശ്രദ്ധിക്കണം.
ഗ്യാസ് ലീക്ക് ചെയ്യുന്നുണ്ടെന്ന് നിങ്ങള്‍ക്കു തോന്നിയാല്‍ പെട്ടെന്നു തന്നെ സിലിണ്ടറിന്റെ റെഗുലേറ്റര്‍ ഓഫ് ചെയ്യുക. എന്നിട്ട് നന്നായി മൂടി വയ്ക്കുക.
സിലിണ്ടര്‍ വച്ചിരിക്കുന്ന സ്ഥലത്തെ ജനലുകളും വാതിലുകളുമൊക്കെ തുറന്നിടുകയും വേണം. വായുസഞ്ചാരമുണ്ടാകുമ്പോള്‍ ഇത് വ്യാപിക്കുന്നത് കുറയുന്നതാണ്.
ഗ്യാസ് ലീക്കുണ്ടാവുമ്പോള്‍ തീ പടര്‍ന്നുപിടിക്കാനുളള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് തന്നെ തീപ്പെട്ടിയോ മറ്റോ പോലുള്ളവ അതിനടുത്ത് നിന്ന് മാറ്റിവയ്ക്കേണ്ടതാണ്.
അതുപോലെ ഇലക്ട്രിക് ഉപകരണങ്ങളും ഉപയോഗിക്കാന്‍ പാടില്ല. സ്വിച്ചുകളൊന്നും ഇടാനും പാടില്ല. പവര്‍ സപ്ലൈ പൂര്‍ണമായും വിച്ഛേദിക്കുന്നതായിരിക്കും നല്ലത്.
നനഞ്ഞ നല്ല കട്ടിയുള്ള തുണികൊണ്ട് സിലിണ്ടര്‍ മൂടിവയ്ക്കാം.
ലീക്ക് ചെയ്ത സിലിണ്ടറിന്റെ കേടുപാടുകള്‍ എന്തൊക്കെയാണെന്ന് സ്വയം പരിശോധിക്കരുത്. ഇവ പരിശീലനം ലഭിച്ചവരുടെ നിര്‍ദേശമനുസരിച്ചു മാത്രം ചെയ്യുക.
മുന്‍കരുതലുകള്‍ എടുത്ത ശേഷം എല്‍പിജി ഡീലറെ വിളിച്ച് ഉടനെ വിവരമറിയിക്കുകയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക.
ശ്രദ്ധിക്കാന്‍…
സിലിണ്ടറുകള്‍ വായുസഞ്ചാരമുള്ള സ്ഥലത്ത് വയ്ക്കാം.
സിലിണ്ടറില്‍ ഘടിപ്പിച്ച ട്യൂബ് കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് പ്രശ്നങ്ങളില്ലെന്ന് ഉറപ്പു വരുത്താം.
ഗ്യാസ് കണ്ണിലേക്ക് നേരിട്ട് ഏല്‍ക്കാതെ ശ്രദ്ധിക്കുക.
അധികമായി ചൂട് ഇല്ലാത്ത സ്ഥലങ്ങളില്‍ മാത്രം ഗ്യാസ് സിലിണ്ടര്‍ വയ്ക്കുക.