യാത്രാ വിവരണം
അഖിൽ സുരേന്ദ്രൻ അഞ്ചൽ
യാത്രയിൽ ഒരേ ഒരു കാര്യം ശ്രദ്ധിക്കുക പാത മനോഹരമാണെങ്കിൽ എങ്ങോട്ടാണെന്നു അന്വേഷണം വേണ്ട . ലക്ഷ്യസ്ഥാനം മനോഹരമാണെങ്കിൽ പാതയെക്കുറിച്ച് ആലോചിക്കേണ്ടതുമില്ല മുന്നോട്ട് സഞ്ചരിച്ചു കൊണ്ടേയിരിക്കുക ഇന്നത്തെ യാത്ര തമിഴ് നാട്ടിലെ സാമ്പുവർ വടകരൈ എന്ന സ്ഥലത്തെ സൂര്യകാന്തി പാടങ്ങളെ തേടിയായിരുന്നു .

കഴിഞ്ഞ 2 വർഷമായി കോവിഡ് വ്യാപനം കാരണം അതിർത്തി കടക്കാൻ ഈ പാസ് അനിവാര്യമായിരുന്നു. കോവിഡ് ഭീതി ഒഴിഞ്ഞുള്ള ആദ്യ സൂര്യകാന്തി സീസണാണ് ഇക്കുറി
സാമ്പുവർ വടകരേയിലെ സൂര്യകാന്തി പാടം ഏതൊരു വ്യക്തിയെയും വശീകരിക്കുകയും മോഹിപ്പിക്കുകയും ചെയ്യും. പൂക്കളുടെ ആകർഷണത്തിൽ ആരും തന്നെ വീണ് പോകും .നമ്മുടെ കണ്ണിനും മനസ്സിനും ഒരേ പോലെ കുളിർമ നല്കി നിറ ശോഭയിൽ വാക്കുകൾക്കും അതീതവും , വർണ്ണനാതീതവുമായ സൂര്യകാന്തി പൂക്കൾ.
നമ്മുടെ മുഖത്ത് സൂര്യ രശ്മികൾ പതിക്കുമ്പോൾ പതിയെ മുഖം താഴ്ത്തേണ്ട അവസ്ഥ വന്ന സമയവും നിമിഷവും പോലും സൂര്യകാന്തിപ്പൂക്കൾ തലയെടുപ്പോടെ സൂര്യ രശ്മികളെ വരവേൽക്കുന്നത് കാണാം .
മാസങ്ങളായി ഉള്ള കർഷകരുടെ ചുടു വിയർപ്പിന്റെയും , കഠിനാധ്വാനത്തിന്റെയും ഫലമാണ് നമ്മൾ കൺകുളിർക്കേ കാണുന്ന ഈ സൂര്യകാന്തിപ്പാടങ്ങൾ .
നല്ല പോലെ വെള്ളം ലഭിച്ചാൽ സൂര്യകാന്തി പൂവിന്റെ കൃഷി ബുദ്ധിമുട്ട് ഇല്ലാതെ കൊണ്ടുപോകാൻ കഴിയും , പാടത്ത് നിലമുഴുത്ത് വിത്ത് വിതച്ചാൽ ഏകദേശം മൂന്നു മാസംകൊണ്ട് ചെടി നാലടിയോളം ഉയരത്തിലെത്തുമത്ര , അതിന് ശേഷം ചെടിയിൽ മൊട്ടുകൾ വന്ന് തുടങ്ങും.
നാലാമത്തെ മാസം പൂക്കൾ വിടർന്ന് വലുതായി മനോഹരമായ പൂവായി മാറുന്നു . ചെടികൾക്ക് ഇടയിൽ മറ്റു കളകൾ പിടിക്കാതെ നോക്കുകയും പ്രാണികളെ അകറ്റുന്നതിനുള്ള മരുന്നടിയുമാണ് ഇതിനിടയ്ക്കുള്ള വലിയ ജോലികൾ.
പൂക്കൾ ഉണങ്ങിത്തുടങ്ങുന്നതോടെ നെല്ല് കൊയ്യുന്ന യന്ത്രമുപയോഗിച്ച് കൊയ്യ്തു മാറ്റുകയും പൂക്കളുടെ ഇതളുകളും നടുക്കുള്ള വിത്തുകളും വെവ്വേറെയാക്കുകയും ചെയ്യും എന്നാണ് കർഷകരിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് .
യാത്ര പോകണം എന്ന് തീരുമാനിച്ചാൽ അതിന് വഴി കണ്ടെത്തി മുന്നോട്ട് പോവുക . നല്ല കാറ്റുവീശുന്ന സ്ഥലമായതിനാൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ നിരവധി കാറ്റാടി യന്ത്രങ്ങൾപ്പാടളിൽ സ്ഥാപിച്ചിരിക്കുന്നതും അവ പ്രവർത്തിക്കുന്നതും കാണാം .
ഈ പൂക്കളുടെയും അത് പോലെ തന്നെ തമിഴ് ഗ്രാമീണ ഭംഗികളെയും മതിയാവോളം ആസ്വദിക്കാൻ നിരവധി സന്ദർശകരാണ് അനുദിനം ഇവിടേക്ക് എത്തിച്ചേരുന്നത്.
പ്രകൃതി മനോഹരമായ കാഴ്ചകള്‍ ഏതൊരു ക്യാമറ പകര്‍ത്തുന്നതിനേക്കാട്ടിലും എന്റെ കണ്ണുകള്‍ പകര്‍ത്തി ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്നു .
അത് പ്രിയപ്പെട്ടവരിലേക്കും എത്തിക്കുന്നു . പ്രതീക്ഷിച്ചതിലും സമയം കടന്നു പോയതറിഞ്ഞില്ല . തിരശ്ശീലയിൽ പതിയെ സൂര്യകാന്തി സുന്ദരികളോട് വിട പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .

🌻സൂര്യകാന്തി പാടത്തേക്കുള്ള വഴിയുടെ ലൊക്കേഷൻ –
https://maps.app.goo.gl/ytWoxc8EQrwQ1q5b7
സഞ്ചാരികളെ ദയവായി ശ്രദ്ധിക്കുക 🙏
(സുന്ദരപാണ്ടി പുരത്തും സൂര്യകാന്തി കൃഷിയിടങ്ങളുണ്ട് .
കേരളത്തിൽ നിന്നടക്കം വിനോദ സഞ്ചാരികൾ സൂര്യകാന്തിപ്പാടം കാണാൻ ധാരളമായി എത്തുന്നത് പക്ഷേ പലപ്പോഴും
കർഷകർക്ക് ദുരിതമാണ്. പാടത്തിറങ്ങി ചിത്രം പകർത്തുന്നതിനൊപ്പം പൂവ് പറിക്കുന്നവരും ഇക്കൂട്ടത്തിലുണ്ടാകും .
സൂര്യകാന്തി എണ്ണയ്ക്കുള്ള വിത്തുകൾ പൂവിലായതിനാൽ സഞ്ചാരികളുടെ പൂ പറിക്കൽ കർഷകരെ ചൊടിപ്പിക്കാറുണ്ട്.
അതുകൊണ്ടു തന്നെ കർഷകർ അത് അനുവദിക്കാറുമില്ല.