മുള്ളന്‍ പാവല്‍….വേറിട്ട കൃഷി രീതി പരീക്ഷിക്കാം…

Advertisement

കൃഷിയിടങ്ങളില്‍ അധികമാര്‍ക്കും പരിചിതമല്ലാത്തതാണ് മുള്ളന്‍ പാവല്‍. ചെറുതും മൃദുവായ മുള്ളുകള്‍ പോലുള്ള വളര്‍ച്ചയുള്ളതുമായ പച്ചക്കറിയാണ് മുള്ളന്‍ പാവല്‍. ഉയര്‍ന്ന അളവില്‍ നാരുകളും ആന്റി ഓക്സിഡന്റും അടങ്ങിയ ഈ പച്ചക്കറിയുടെ പോഷകഗുണം കൊണ്ടുതന്നെ അടുക്കളത്തോട്ടത്തില്‍ നിന്ന് ഒരിക്കലും തള്ളിക്കളയാവുന്നതുമല്ല. കേരളത്തില്‍ അധികം പ്രചാരത്തിലില്ലാത്ത മുള്ളന്‍ പാവലിനെക്കുറിച്ച്…
വ്യാവസായികമായി മുള്ളന്‍ പാവല്‍ കൃഷി ചെയ്യുന്ന രണ്ട് പ്രധാന സംസ്ഥാനങ്ങളാണ് പശ്ചിമ ബംഗാളും കര്‍ണാടകയും. ഉത്തര്‍പ്രദേശ്, ഒറീസ, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, മേഘാലയയുടെ ചില പ്രദേശങ്ങള്‍ എന്നിവിടിങ്ങളില്‍ വ്യാപകമായി വളര്‍ത്തുന്ന പച്ചക്കറിയാണിത്.
വിപണിയില്‍ രണ്ടുതരത്തിലുള്ള മുള്ളന്‍ പാവല്‍ ലഭ്യമാണ്. വലുതും ചെറുതും. വലുതിനേക്കാള്‍ ചെറിയ ഇനങ്ങള്‍ക്കാണ് കൂടുതല്‍ ഡിമാന്റ്. അതുകൊണ്ട് ലാഭകരമായ ബിസിനസ് ആക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ചെറിയ മുള്ളന്‍ പാവല്‍ കൃഷി ചെയ്യുന്നതാണ് നല്ലത്.
അനുകൂലമായ കാലാവസ്ഥയാണെങ്കില്‍ കൃഷി നന്നായി മുന്നോട്ട് കൊണ്ടുപോകാം. ഉഷ്ണമേഖലാപ്രദേശങ്ങളിലും ഉപോഷ്ണ മേഖലാ പ്രദേശങ്ങളിലുമാണ് നന്നായി വളരുന്നത്. 27 ഡിഗ്രി സെല്‍ഷ്യസിനും 33 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനിലയാണ് അനുയോജ്യം. നല്ല വിളവ് ലഭിക്കാന്‍ നല്ല സൂര്യപ്രകാശവും പ്രധാന പങ്ക് വഹിക്കുന്നു.
വിവിധ തരത്തിലുള്ള മണ്ണില്‍ വളരാനുള്ള കഴിവുണ്ട്. മണല്‍ കലര്‍ന്ന മണ്ണ്, പശിമരാശി മണ്ണ് എന്നിവയില്‍ കൃഷി ചെയ്യാം. നല്ല നീര്‍വാര്‍ച്ചയുള്ളതും ജൈവവളങ്ങള്‍ അടങ്ങിയതുമായ മണ്ണില്‍ നന്നായി കൃഷി ചെയ്യാം.
5.5 നും 7.0 നുമിടയിലുള്ള പി.എച്ച് മൂല്യമുള്ള മണ്ണിലാണ് മുള്ളന്‍ പാവല്‍ മികച്ച വിളവ് തരുന്നത്. വിത്ത് മുളപ്പിച്ചാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കിഴങ്ങ് അഥവാ ഭൂകാണ്ഡം കുഴിച്ചിട്ടും കൃഷിചെയ്യാവുന്നതാണ്.
മൂന്ന് തവണ ഉഴുത് മറിച്ച നിലത്താണ് സാധാരണ മുള്ളന്‍ പാവല്‍ കൃഷി ചെയ്യുന്നത്. ഒരു ഹെക്ടര്‍ സ്ഥലത്ത് 15 ടണ്‍ ജൈവവളം ചേര്‍ക്കാം. ഒരു ഏക്കറില്‍ പരമാവധി രണ്ട് കിലോ വിത്ത് ആണ് നടാവുന്നത്. കിഴങ്ങാണെങ്കില്‍ 5000 വരെ നട്ടുപിടിപ്പിക്കാം.
മണ്‍സൂണ്‍ കാലത്തും വേനല്‍ക്കാലത്തും ഇന്ത്യയില്‍ മുള്ളന്‍ പാവല്‍ കൃഷി തുടങ്ങാറുണ്ട്. ജനുവരി-ഫെബ്രുവരി കാലത്താണ് മിക്കവാറും വിത്ത് വിതയ്ക്കുന്നത്. മണ്‍സൂണ്‍ കാലവിളയായി കൃഷി ചെയ്യുമ്പോള്‍ ജൂലായ്-ആഗസ്റ്റ് മാസങ്ങളിലാണ് വിത്ത് പാകുന്നത്.
രണ്ട് സെ.മീ ആഴത്തിലാണ് വിത്തുകള്‍ കുഴിച്ചിടുന്നത്. ഓരോ നിരകളും തമ്മില്‍ രണ്ട് മീറ്റര്‍ അകലത്തിലും ചെടികള്‍ തമ്മില്‍ 85 സെ.മീ അകലത്തിലുമായിരിക്കണം കൃഷി ചെയ്യേണ്ടത്. പടര്‍ന്നുവളരുന്ന തരത്തിലുള്ള പച്ചക്കറിയായതിനാല്‍ താങ്ങ് നല്‍കാനായി പന്തല്‍ ഇട്ടുകൊടുക്കാം. ജൈവവളങ്ങള്‍ക്ക് പുറമേ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ 120:80:80 കി.ഗ്രാം എന്ന അളവില്‍ ഒരു ഹെക്ടര്‍ വിളകള്‍ക്ക് നല്‍കാം.
പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറിയാണിത്. കാഴ്ചശക്തി വര്‍ധിപ്പിക്കാനും ചുമയെ പ്രതിരോധിക്കാനും കഴിവുണ്ട്. ഫൈറ്റോ ന്യൂട്രിയന്റുകള്‍ ധാരാളം അടങ്ങിയ മുള്ളന്‍ പാവലിന് കലോറി വളരെ കുറവാണ്. പലരും കഴിക്കാന്‍ ഇഷ്ടപ്പെടാത്ത പച്ചക്കറിയാണെങ്കിലും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുമെന്നതില്‍ സംശയമില്ല.

Advertisement