കൊറോണ വൈറസ് എത്തിയത് വുഹാനിലെ ചന്തയില്‍ നിന്ന് തന്നെയെന്ന് പുതിയ പഠനങ്ങളും

Advertisement

ബീജീംഗ്: കൊറോണ വൈറസ് വന്നത് ചൈനയിലെ വുഹാനിലെ കാലി ചന്തയില്‍ നിന്ന് തന്നെയാണെന്ന് അടിവരയിട്ട് ഉറപ്പിക്കുന്ന രണ്ട് പഠനങ്ങള്‍ കൂടി പുറത്ത് വന്നു. ചൈനയിലെ ലാബില്‍ നിന്ന് ചോര്‍ന്നതല്ല ഈ വൈറസ് എന്ന സ്ഥിരീകരണം കൂടിയാണ് ഇതിലൂടെ ലഭിക്കുന്നത്.

ഹുനാന്‍ സീഫുഡ് മൊത്തചന്തയില്‍ നിന്ന് തന്നെയാണ് വൈറസ് ഉത്ഭവിച്ചത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം സയന്‍സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യം അടിവരയിട്ട് പറയുന്നത്. ലോകമമ്പാടുമായി 64 ലക്ഷം പേര്‍ക്കാണ് ഈ വൈറസിന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. കോവിഡ് 19 , സാര്‍സ് കോവ്2 വൈറസുകള്‍ രണ്ട് പ്രാവശ്യമായാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യനിലേക്ക് എത്തിയതെന്നും പഠനം വ്യക്തമാക്കുന്നു.

വൈറസ് പരീക്ഷണ ശാലയില്‍ നിന്ന് ചോര്‍ന്നതല്ലെന്നാണ് എല്ലാ തെളിവുകളും നമ്മോട് പറയുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സ്‌ക്രിപ്പ് റിസര്‍ച്ചിലെ ഇമ്യുണോളജി ആന്‍ഡ് മൈക്രോബയോളജി വിഭാഗം പ്രൊഫസര്‍ ക്രിസ്റ്റന്‍ ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി.

മറ്റൊരു പഠനത്തില്‍ ടൂളിംഗ് മാപ്പുകള്‍ ഉപയോഗിച്ചാണ് അരിസോണ സര്‍വകലാശാലയിലെ ചൈനീസ് ഗവേഷകര്‍ പഠനം നടത്തിയത്. 2019 ഡിസംബറില്‍ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത 150 ഓളം ഇടങ്ങളില്‍ നിന്ന് ഇവര്‍ വിവരശേഖരണം നടത്തി. ഇതെല്ലാം തന്നെ വുഹാന്‍ മാര്‍ക്കറ്റിന് സമീപമാണെന്നും ഗവേഷകനായ മൈക്കില്‍ വൊറോബെ ചൂണ്ടിക്കാട്ടുന്നു.

സ്വാഭാവികമായി തന്നെ വൈറസുകള്‍ ഉണ്ടാകുയായിരുന്നു എന്ന നിഗമനത്തിലേക്കാണ് രണ്ട് പഠനങ്ങളും വിരല്‍ ചൂണ്ടുന്നത്. അതേസമയം അക്കാലത്ത് ചന്തയിലുണ്ടായിരുന്ന മൃഗങ്ങളെ പഠനത്തിന് വിധേയമാക്കുക എന്നത് സാധ്യമല്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Advertisement