നക്ഷത്രത്തെ വലിച്ചെടുത്ത തമോഗർത്തം പിച്ചി ചീന്തി വിഴുങ്ങി, നിരീക്ഷിച്ചത് ഇന്ത്യൻ ദൂരദർശിനി

Advertisement

തമോഗർത്തം നക്ഷത്രത്തെ വിഴുങ്ങുന്ന അപൂർവ പ്രതിഭാസം നിരീക്ഷിച്ച് ഇന്ത്യൻ ദൂരദർശിനി ഗ്ലോബൽ റിലേ ഓഫ് ഒബ്‌സർവേറ്ററീസ് വാച്ചിങ് ട്രാൻസിയന്റ്‌സ് ഹാപ്പെൻ . ഭൂമിക്ക് നേരെ വന്ന അസാധാരണ പ്രകാശം പിന്തുടർന്നു നടത്തിയ നിരീക്ഷണങ്ങളിലാണ് നക്ഷത്രത്തെ തമോഗർത്തം വിഴുങ്ങുന്നതിലേക്ക് ജ്യോതി ശാസ്ത്രജ്ഞർ എത്തിയത്. ശാസ്ത്ര ജേണൽ നേച്ചുറിലാണ് പഠനഫലം പൂർണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സരസ്വതി കൊടുമുടിക്ക് മുകളിലായി സമുദ്ര നിരപ്പിൽ നിന്നും 4,500 മീറ്റർ ഉയരത്തിലാണ് ഗ്രോത്ത് ദൂരദർശിനി ഇന്ത്യ സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ ഫുള്ളി റോബോട്ടിക് ഒപ്റ്റിക്കൽ റിസർച്ച് ടെലസ്‌കോപ്പാണിത്. ഐഐടി ബോംബെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സും ചേർന്നാണ് ഇത് നിർമിച്ചിരിക്കുന്നത്. പ്രപഞ്ചത്തിലെ വിവിധ ഭാഗങ്ങളിൽ സംഭവിക്കുന്ന കൂട്ടിയിടികളേയും മറ്റും നിരീക്ഷിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

നക്ഷത്രത്തിന്റെ കാര്യത്തിൽ നല്ലതല്ല സംഭവിച്ചത്. നക്ഷത്രത്തെ വലിച്ചെടുത്ത തമോഗർത്തം ഫലത്തിൽ പിച്ചി ചീന്തിയ ശേഷമാണ് വിഴുങ്ങുക. നക്ഷത്രത്തിന്റെ ഭാഗങ്ങൾ തമോഗർത്തത്തിന് ചുറ്റുമുള്ള ഡിസ്‌കിൽ അതിവേഗത്തിൽ കറങ്ങുകയും വൈകാതെ തമോഗർത്തത്തിലേക്ക് വലിച്ചെടുക്കപ്പെടുകയും ചെയ്യും. പ്രപഞ്ചത്തിൽ സംഭവിക്കുന്ന ഇത്തരം പ്രതിഭാസങ്ങളെ ടൈഡൽ ഡിസ്‌റപ്ഷൻ ഇവെന്റ്‌സ് അഥവാ ടിഡിഇ (TDE) എന്നാണ് വിളിക്കുക എന്നും ഐഐടി ബോംബെയിലെ അസ്‌ട്രോഫിസിസിസ്റ്റ് വരുൺ ബലേറാവു പറയുന്നു.

കഴിഞ്ഞ ഫെബ്രുവരി 11ന് കലിഫോർണിയയിലെ സ്വികി ട്രാൻസിയന്റ് ഫെസിലിറ്റിയാണ് ആദ്യമായി ഭൂമിക്ക് നേരെ വന്ന തീഷ്ണ പ്രകാശത്തെ ആദ്യമായി നിരീക്ഷിച്ചത്. എടി 2022സിഎംസി എന്ന് ഈ അജ്ഞാത പ്രകാശ സ്രോതസിന് പേരിടുകയും ചെയ്തു. അതിവേഗത്തിൽ തീഷ്ണത കൂടിയ പ്രകാശം ഇപ്പോൾ വേഗത്തിൽ മങ്ങുകയാണ്. ഹാൻലേയിലെ ഗ്രോത്ത് ഇന്ത്യ ടെലസ്‌കോപ് ഉപയോഗിച്ച് ഇതേക്കുറിച്ച് പഠിക്കാൻ ഐഐടി ബോംബെയിലെ ജ്യോതിശാസ്ത്രജ്ഞർ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് തമോഗർത്തം നക്ഷത്രം വിഴുങ്ങുന്നതിൽ നിന്ന് ഭൂമിക്ക് നേരെ വന്നിരുന്ന പ്രകാശം അതിവേഗത്തിൽ മങ്ങുന്നതായി കണ്ടെത്തിയത്.

രാജ്യാന്തര ജ്യോതിശാസ്ത്രജ്ഞരുടെ കൂട്ടായ്മയും നിരീക്ഷണത്തിനായി ഇന്ത്യൻ സംഘം ഒരുക്കിയിരുന്നു. ഭൂമിയിലെ പലയിടത്തുമുള്ള റേഡിയോ ടെലസ്‌കോപുകളിൽ നിന്നും എക്‌സ്‌റേ ടെലസ്‌കോപുകളിൽ നിന്നുമുള്ള വിവരങ്ങൾക്ക് പുറമേ ഹബിൾ സ്‌പേസ് ടെലസ്‌കോപിൽ നിന്നുമുള്ള വിവരങ്ങളും ശാസ്ത്രസംഘം പരിശോധിച്ചു. ഏതാണ്ട് 850 കോടി പ്രകാശ വർഷം അകലെയാണ് തമോഗർത്തം നക്ഷത്രത്തെ വിഴുങ്ങുന്നത്.