കുഞ്ഞിനെ കാണാനായി മരിച്ചുപോയ ഭർത്താവ് രാത്രിയിൽ എത്തുന്നു: വിഡിയോ പങ്കുവച്ച് യുവതി

Advertisement

മരിച്ചുപോയവർ സന്തോഷത്തിലും സങ്കടത്തിലും നമുക്കൊപ്പം അദൃശ്യസാന്നിധ്യമായി ഉണ്ടാവുമെന്ന് വിശ്വസിക്കുന്ന പലരും നമ്മുടെ സമൂഹത്തിലുണ്ട്. അത് സത്യമാണെന്ന് പറഞ്ഞ് ടിക് ടോകിൽ വിഡിയോ പോസ്റ്റ് ചെയ്ത് വൈറലാവുകയാണ് ഒരു യുവതി. മരിച്ചുപോയ ഭർത്താവിന്റെ ആത്മാവ് ഉറങ്ങികിടക്കുന്ന തന്റെ കുട്ടിയെ ആശ്വസിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് യുവതി വിഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. വിറ്റ്‌നി അലൻ എന്ന ടിക് ടോക്കറാണ് ഈ വൈറൽ വിഡിയോയ്ക്ക് പിന്നിൽ.

ഡിസംബർ ഒമ്പതിനാണ് വിഡിയോ ടിക്ടോക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോയിൽ വിറ്റ്‌നിയുടെ 11മാസം പ്രായമായ ലിയോ എന്ന കുഞ്ഞിനെ കാണാം. കുഞ്ഞ് ഉറങ്ങി കിടക്കുമ്പോൾ കുഞ്ഞിന്റെ തലയിലൂടെ ഒരു പ്രകാശം സഞ്ചരിക്കുന്നതാണ് വിഡിയോയിൽ ഉളളത്. ഈ പ്രകാശം തന്റെ മരിച്ചുപോയ ഭർത്താവിന്റെ ആത്മാവാണെന്നും കുഞ്ഞിനെ ആശ്വസിപ്പിക്കാനായി എത്തിയിരിക്കുകയാണ് എന്നുമാണ് വിറ്റ്‌നി അവകാശപ്പെടുന്നത്. കൈ കൊണ്ട് കുഞ്ഞിനെ തഴുകുന്ന പോലെയാണ് കുഞ്ഞിന്റെ തലയിൽ പ്രകാശം സഞ്ചരിക്കുന്നതെന്നും വിറ്റ്‌നി വിഡിയോയിൽ കുറിച്ചിട്ടുണ്ട്.

2022 ഏപ്രിൽ 7നാണ് വിറ്റ്‌നിയുടെ ഭർത്താവ് റയാൻ മരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന റയാന് തേനീച്ച കുത്തിൽ പരുക്കേൽക്കുകയും. ഇതേതുടർന്ന് നില ഗുരുതരമാവുകയുമായിരുന്നു. ഇരുവർക്കും രണ്ട് മക്കളാണ്. റയാൻ മരിക്കുന്നതിനും കുഞ്ഞ് ലിയോയുടെ ജനനത്തിനും മാസങ്ങൾക്ക് മുൻപ് കുഞ്ഞിന്റെ സ്‌കാൻ റിപ്പോർട്ടിൽ ചില അസാധാരണത്വം ഉളളതായി നേരത്തെ ഡോക്ടർമാർ പറഞ്ഞതായി വിറ്റ്‌നി പറയുന്നു. എന്നാൽ കുഞ്ഞിന് ഒന്നും സംഭവിക്കില്ലെന്ന ഉറപ്പ് മരണത്തിന് മുൻപ് റയാൻ വിറ്റ്‌നിയ്ക്ക് നൽകിയിരുന്നു.

പിന്നീടുളള റിപ്പോർട്ടിൽ കുഞ്ഞ് ലിയോ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ പറഞ്ഞു. അതേസമയം റയാന്റെ ആരോഗ്യനില വഷളാവുകയും ചെയ്തു. അതുവരെ പൂർണ ആരോഗ്യവാനായിരുന്ന റയാന് പെട്ടെന്ന് ഹൃദയസ്തംഭനവും മസ്തിഷ്‌കാഘാതവും ഉണ്ടായി. എന്നാൽ റയാൻ തന്റെ ജീവൻ മകനുവേണ്ടി സമർപ്പിച്ചതാണെന്നാണ് വിറ്റ്‌നി വിശ്വസിക്കുന്നത്. മാത്രമല്ല റയാന്റെ ആത്മാവ് കാവൽ മാലാഖയെ പോലെ വിറ്റ്‌നിയെയും മക്കളെയും കാത്തുരക്ഷിക്കുന്നുവെന്നും അവർ വിശ്വസിക്കുന്നു.

വിറ്റ്‌നി അലന്റെ ഈ പോസ്റ്റ് ഏതാണ്ട് 81 ലക്ഷത്തിലേറെ തവണയാണ് ഇതിനകം കണ്ടുകഴിഞ്ഞത്. അതേസമയം ഇത്തരത്തിലുളള വീഡിയോകൾ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതാണെന്ന് കടുത്ത വിമർശനമുയരുമ്പോഴും വിറ്റ്‌നി അലന്റെ വിശ്വാസത്തെ പ്രകീർത്തിച്ചുകൊണ്ടുളള കമന്റുകളും നിരവധിയാണ്.