ശുഭ കാര്യങ്ങൾ ആരംഭിക്കാൻ ഏത് ദിവസമാണ് നല്ലത്.. ഓരോ ദിവസത്തെയും പ്രത്യേകകതകൾ

Advertisement

നവഗ്രഹങ്ങളിലെ ഓരോ ഗ്രഹങ്ങളും ആഴ്ചയിലെ ഓരോ ദിവസങ്ങളുടെ അധിപന്മാരാണ്. ശുഭ കാര്യങ്ങൾ ആരംഭിക്കാൻ ഇവയിൽ ചിലത് അനുകൂലവും ചിലത് പ്രതികൂലവുമാണെന്നാണ് ജ്യോതിഷ പ്രകാരം പറയാറുള്ളത്. അതുകൊണ്ട് തന്നെ ഓരോ ശുഭ കാര്യങ്ങൾ ആരംഭിക്കുന്നതിനും അനുകൂല സമയം കണക്കാക്കുന്ന സമ്പ്രദായം നിലവിലുണ്ട്.

ഞായര്‍
സൂര്യന് പ്രാധാന്യം കൽപിച്ചിരിക്കുന്ന ദിവസമാണ് ഞായറാഴ്ച. രാജ്യാഭിഷേകം, വിവാഹം, യാത്ര, മന്ത്ര കര്‍മാദികൾ, ഔഷധസേവ, യുദ്ധാരംഭം , അഗ്നി സംബന്ധിച്ച കാര്യങ്ങൾ, സ്വര്‍ണത്തിന്‍റെ ക്രയവിക്രയങ്ങൾ ഇവയ്ക്ക് ഈ ദിവസം ഉത്തമമാണ്. അന്നേ ദിവസം പടിഞ്ഞാറ് ദിക്കിലേക്കുള്ള യാത്ര ഒവിവാക്കുന്നതാവും ഉചിതം. ശിവ പ്രീതിക്കും പ്രാര്‍ത്ഥനയ്ക്കും അനുയോജ്യമായ ദിവസം കൂടിയാണിത്.

തിങ്കൾ
ശംഖ് മുത്ത് ഇവയുടെ ക്രയവിക്രയം, അലങ്കാര വസ്തുക്കളുടെ കൊടുക്കൽ വാങ്ങൽ,യജ്ഞാരംഭം, കൃഷിപ്പണി, ഭരണ കാര്യങ്ങൾ, ജലസേചനം ഇവയെല്ലാം തിങ്കളാഴ്ച ചെയ്യുന്നത് ഉത്തമമായിരിക്കും. ചന്ദ്രനാണ് ഈ ദിവസത്തിന്‍റെ അധിപൻ. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനും സംരംഭങ്ങൾ ആരംഭിക്കുന്നതിനും അനുകൂല ദിനമല്ല. കിഴക്ക് ഭാഗത്തേക്ക് യാത്ര ഒഴിവാക്കേണ്ടതാണ്. ഇരുണ്ട വസ്ത്രങ്ങൾ ഒഴിവാക്കുകയും വെള്ള വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുന്നത് ഉത്തമമാണ്.തിങ്കളാഴ്ചയ്ക്ക് ദുര്‍ഗ്ഗാദേവിയുമായും പ്രാധാന്യമുള്ളതിനാൽ ദേവീ പ്രാര്‍ത്ഥനയോട് കൂടി കാര്യങ്ങൾ ആരംഭിക്കുന്നതും ഉത്തമമാണ്.

ചൊവ്വ
പവിഴം സ്വര്‍ണം എന്നിവയുടെ ക്രയ വിക്രയങ്ങൾ, വ്യവഹാരം ആയുധം-അഗ്നി സംബന്ധമായ കര്‍മങ്ങൾ, ഔഷധസേവ, ശാസ്ത്ര സാങ്കേതിക പ്രവര്‍ത്തനങ്ങൾ എന്നിവയ്ക്ക് ഈ ദിനം ശ്രേഷ്ഠമാണ്. കുജ പ്രാധാന്യമുള്ള ദിവസമാണ് ചൊവ്വ. അന്നേ ദിവസം ഭദ്രകാളി, സുബ്രമണ്യൻ, ഹനുമാൻ എന്നിവരെ ഭജിച്ച് കര്‍മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. വടക്ക് ദിക്കിലേക്കുള്ള യാത്രയും നീല നിറത്തിലുള്ള വസ്ത്രങ്ങളും ഒഴിവാക്കണം.

ബുധൻ
കലാ പ്രകടനം, കച്ചവടം, സന്ധി സംഭാഷണങ്ങൾ, വേദപഠനം വേദവ്യാഖ്യാനം, പഠന കര്‍മങ്ങൾ എന്നിവയ്ക്ക് ഉത്തമമാണ് ബുധനാഴ്ച.സാമ്പത്തിക ഇടപാടുകൾക്കും ഈ ദിനം അനുയോജ്യമാണ്. ഇന്നേ ദിവസം കടബാധ്യതകൾ തീര്‍ക്കാൻ തിരഞ്ഞെടുക്കരുത്.പുതിയ ജോലിയിൽ പ്രവേശിക്കാനും ഈ ദിവസം ഉത്തമമല്ല. മഹാവിഷ്ണുവിനേയും നവഗ്രഹങ്ങളിലെ ബുധനേയും പ്രാര്‍ത്ഥിച്ചതിനു ശേഷം കര്‍മങ്ങൾ ആരംഭിക്കാം.പച്ച വസ്ത്രം ധരിക്കുന്നതും ഉചിതമാണ്.

വ്യാഴം
യജ്ഞ കര്‍മങ്ങൾ, ധാര്‍മിക കാര്യങ്ങൾ, വിദ്യാഭ്യാസം, വിവാഹാദി മംഗള കര്‍മങ്ങൾ, പൂജാദി കര്‍മങ്ങൾ, യാത്ര, ഔഷധ സേവ, വിലപിടിപ്പുള്ളതും അമൂല്യവുമായ വസ്തുക്കൾ വാങ്ങുകയും നിക്ഷേപങ്ങൾ ആരംഭിക്കുകയും ചെയ്യുക എന്നിവയ്ക്ക് വ്യാഴാഴ്ച ശ്രേഷ്ഠമാണ്. അന്നേ ദിവസം മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിലൂടെ ഭാഗ്യം ലബ്ദിയുണ്ടാകും.വ്യാഴ ഗ്രഹത്തിന്‍റെ ആനുകൂല്യമുള്ള ദിവസമാണിത്.സൗഭാഗ്യകാരകനാണ് വ്യാഴം. അന്നേദിവസം ബ്രഹ്മഭജനവും വിഷ്ണു ഭജനവും ചേര്‍ന്ന് പദ്ധതികൾ ആരംഭിക്കുന്നതും ഉത്തമമാണ്.

വെള്ളി
ശുക്ര പ്രധാനമായ ദിനമാണ് വെള്ളി. സുകുമാര കലകളുടെ പഠനം, പ്രകടനം, സ്ത്രീവിഷയം, രത്നാഭരണം, കിടപ്പ്, കട്ടിൽ, വസ്ത്രം അലങ്കാരം,ഉത്സവം എന്നിവയെ സംബന്ധിച്ച കാര്യങ്ങൾ, ഭൂമികാര്യങ്ങൾ, കച്ചവടം, ധനകാര്യങ്ങൾ ഇവയ്ക്ക് വെള്ളിയാഴ്ച ഉത്തമമാണ്. എന്നാൽ ഈ ദിവസം കടം കൊടുക്കുകയും വാങ്ങുകയും ചെയ്യരുത്. വെള്ള, ചുവപ്പ്, പിങ്ക് എന്നീ നിറത്തിലേതെങ്കിലും ധരിക്കുന്നത് ഗുണപ്രദമാണ്.

ശനി
ഗൃഹ പ്രവേശ കര്‍മങ്ങൾ, ദീക്ഷ സ്വീകരിക്കൽ, ആനയെ വാങ്ങിക്കുക- വിൽക്കുക- ബന്ധിക്കുക തുടങ്ങിയ കാര്യങ്ങൾ, സ്ഥിരമായി നിൽക്കുന്ന കാര്യങ്ങൾ, ഭൃത്യരേയും ആയുധത്തേയും, സംബന്ധിക്കുന്ന കാര്യങ്ങൾ എന്നിവയ്ക്ക് ശനിയാഴ്ച ശ്രേഷ്ഠമാണ്. ശനി അധിപനായിട്ടുള്ള ദിവസമാണിത്. മരുന്ന് സംബന്ധമായ കാര്യങ്ങൾക്ക് ശനിയാഴ്ച ഉത്തമമല്ല. ഈ ദിവസം കുബേരനും പ്രാധാന്യമുള്ളതിനാൽ കുബേരഭജനത്തിനു ശേഷം കാര്യങ്ങൾ ആരംഭിക്കുന്നത് ഏറെ ഉത്തമമാണ്.കറുപ്പ്, നീല നിറത്തിലുള്ള വസ്ത്രങ്ങളാണ് ശനിയാഴ്ച ധരിക്കേണ്ടത്.

Advertisement