പിതൃപുണ്യത്തിനായി കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് സ്‌നാനഘട്ടങ്ങള്‍ ഒരുങ്ങിത്തുടങ്ങിയിരിക്കുകയാണ്. കര്‍ക്കിടക മാസത്തിലെ അമാവാസി ദിവസമാണ് കര്‍ക്കിടക വാവായി ആചരിക്കുന്നത്. കര്‍ക്കിടകവാവ് ദിനം പിതൃബലിതര്‍പ്പണത്തിനു പ്രധാനമാണ്. ഈ ദിനത്തില്‍ ബലിതര്‍പ്പണം നടത്തിയാല്‍ ഭൂമിയില്‍ നിന്നും മണ്‍മറഞ്ഞുപോയ നമ്മുടെ പൂര്‍വികരായ പിതൃക്കളുടെ ആത്മാവിനു ശാന്തി ലഭിക്കുമെന്നതാണ് ഹൈന്ദവ വിശ്വാസം. നാം ഇന്ന് സുന്ദരമായ ഈ ഭൂമിയില്‍ ജീവിക്കുവാന്‍ കാരണക്കാരായ മണ്‍മറഞ്ഞുപോയ നമ്മുടെ പൂര്‍വികരെ സ്മരിക്കുവാനും അവരുടെ ഓര്‍മകള്‍ക്കു മുന്നില്‍ പ്രാര്‍ത്ഥനകളോടെ ബലിച്ചോറും തീര്‍ത്ഥവും തര്‍പ്പണം നടത്തി അവരുടെ മോക്ഷപ്രാപ്തിക്കായി പ്രാര്‍ത്ഥിക്കുവാനും അനേകായിരങ്ങളാണ് കേരളത്തിലെ വിവിധ ക്ഷേത്രകടവുകളിലും, സ്‌നാനഘട്ടങ്ങളിലും, കടല്‍ത്തീരങ്ങളിലും ബലിതര്‍പ്പണത്തിനായി എത്തുന്നത്.
കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം തന്നെ ഇതിനുള്ള സൗകര്യം ഒരുക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും എല്ലാം തന്നെ പ്രായഭേദമന്യേ തങ്ങളുടെ പിതൃക്കള്‍ക്കായി ബലിതര്‍പ്പണം ചെയ്യാവുന്നതാണ്. ബലിതര്‍പ്പണം ചെയ്യുന്നവര്‍ വാവുദിനത്തിന്റെ തലേനാള്‍ ഒരിക്കല്‍ എടുക്കേണ്ടതാണ് (ഒരു നേരം മാത്രം അരി ആഹാരം). വാവ് ദിനത്തില്‍ കുളിച്ചു ഈറനുടുത്ത് മരിച്ചു മണ്മറഞ്ഞു പോയ പൂര്‍വ പിതൃക്കളെ മനസ്സില്‍ സങ്കല്പിച്ച് ക്ഷേത്ര പൂജാരിയുടെ അല്ലങ്കില്‍ കര്‍മ്മിയുടെ നിര്‍ദേശമനുസരിച്ച് ബലിതര്‍പ്പം നടത്തണം. ,ദര്‍ഭപുല്ലു കൊണ്ട് പവിത്രമുണ്ടാക്കി മോതിരവിരലില്‍ അണിഞ്ഞ ശേഷം വാഴയിലയില്‍ എള്ള് ,ചെറുപൂള (ചെറൂള ), ദര്‍ഭപുല്ല് ,ചന്ദനം,ഉണക്കലരി തുടങ്ങിയ പൂജാദ്രവ്യങ്ങള്‍ കൊണ്ട് ബലി ഇടുന്നു ശേഷം ഇലയോടു കൂടി നദിയിലോ,കുളത്തിലോ ഇറങ്ങി ജലത്തില്‍ സമര്‍പ്പിച്ചു മുങ്ങി നിവരുന്നതോടെ ബലിതര്‍പ്പണം പൂര്‍ണമാകുന്നു .
മരണശേഷം ആത്മാവ് പിതൃലോകത്തെത്തുന്നു എന്നാണ് ഹൈന്ദവ വിശ്വാസം. അവിടെ നിന്ന് പിന്നീട് അവര്‍ പുനര്‍ജനിക്കുകയോ മറ്റുലോകങ്ങളിലേക്കു പോകുകയോ മോക്ഷം ലഭിച്ചു ഭഗവല്‍ സന്നിധിയില്‍ എത്തുകയോ ചെയ്യുന്നു എന്നാണ് വിശ്വാസം. ജനുവരി പകുതി മുതല്‍ ആറുമാസം ഉത്തരായനവും പിന്നീടുള്ള ആറ് മാസം ദക്ഷിണായനവും ആണ് അതില്‍ ഉത്തരായനം ദേവന്മാര്‍ക്കും ദക്ഷിണായനം പിതൃക്കള്‍ക്കും ഉള്ളതാണെന്ന് ശാസ്ത്രം. ഉത്തരായനത്തിന്റെ ആരംഭമാണ് കര്‍ക്കിടകമാസം. ഈ മാസത്തിലെ കറുത്തവാവ് ദിനത്തില്‍ പിതൃക്കള്‍ ഉണരുന്നു എന്നാണ് വിശ്വാസം.
ബലിതര്‍പ്പണം
പൂജാദ്രവ്യങ്ങള്‍ കൊണ്ട് ബലി ഇടുന്നു ശേഷം ഇലയോടു കൂടി നദിയിലോ,കുളത്തിലോ ഇറങ്ങി ജലത്തില്‍ സമര്‍പ്പിച്ചു മുങ്ങി നിവരുന്നതോടെ ബലിതര്‍പ്പണം പൂര്‍ണമാകുന്നു .
ഭൂമിയിലെ ഒരുമാസം പിതൃക്കള്‍ക്ക് ഒരു ദിവസമാണ് അങ്ങനെ നോക്കുമ്പോള്‍ പന്ത്രണ്ടു മാസം എന്ന് പറയുന്നത് അവര്‍ക്കു പന്ത്രണ്ടു ദിനങ്ങളാണ്. ഈ പന്ത്രണ്ടു ദിവസങ്ങളില്‍ ഒരിക്കല്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ബന്ധുക്കള്‍ മണ്മറഞ്ഞുപോയ പൂര്‍വ പിതൃക്കള്‍ക്കുള്ള അന്നം നല്കണമെന്ന് പറയപ്പെടുന്നു. പിതൃലോകത്ത് വാസു ,രുദ്ര ആദിത്യ എന്നീ ദേവതകളുണ്ടെന്നും ഇവര്‍ നമ്മള്‍ നടത്തുന്ന തര്‍പ്പണം സ്വീകരിച്ചു അതാതു പിതൃക്കള്‍ക്ക് എത്തിച്ചു കൊടുക്കുന്നു എന്നും സ്വര്‍ഗത്തിലേക്കുള്ള യാത്രയില്‍ അവര്‍ക്കു അത് പാഥേയം ആയി ഭവിക്കുകയും ചെയ്യുന്നുവെന്നും വിശ്വാസമുണ്ട്.
ബലിതര്‍പ്പണം ആണ് പിതൃക്കള്‍ക്കുള്ള ഏക ഭക്ഷണം ഇത് ലഭിക്കാതെ വന്നാല്‍ പിതൃക്കള്‍ മോക്ഷം ലഭിക്കാതെ മറ്റു ജന്മങ്ങള്‍ എടുക്കുമെന്നും അവരുടെ ശാപം പിന്‍തലമുറകളെ കൂടി ബാധിക്കുമെന്നും ഇത് മുടങ്ങിയാല്‍ പിതൃക്കള്‍ കോപിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. കര്‍ക്കിടകവാവ് ദിവസം മണ്‍മറഞ്ഞുപോയ പൂര്‍വികരുടെ ആത്മാക്കള്‍ അവരവരുടെ വീട് സന്ദര്‍ശിക്കുമെന്നും വിശ്വസിക്കുന്നു. അതിനാല്‍ അവരെ സ്വീകരിക്കുന്നതിനായി വീടുകളില്‍ അരികൊണ്ട് വാവട (വാവ് അട) ഉണ്ടാക്കാറുണ്ട്. വാവിന് പ്രധാനമായുണ്ടാക്കുന്നത് വാവടയാണ്. അരി, ശര്‍ക്കര, തേങ്ങ, ഏലക്ക, ചുക്ക്, ചെറുപയര്‍ എന്നീചേരുവകളുപയോഗിച്ചാണ് വാവട തയാറാക്കുന്നത്.
കേരളത്തില്‍ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കടല്‍ത്തീരങ്ങളിലും നദീ തീരങ്ങളിലും വാവുബലി ഇടാനുള്ള സൗകര്യം ഒരുക്കാറുണ്ട് തിരുവന്തപുരത്തു തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം ,വര്‍ക്കല പാപനാശം ,കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം ,ദക്ഷിണകാശി എന്നറിയപ്പെടുന്ന പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം ,ആലുവ മഹാശിവരാത്രി മണപ്പുറം,തിരുനാവായ നവാമുകുന്ദക്ഷേത്രം,തിരുനെല്ലി പാപനാശിനി ,കണ്ണൂര്‍ ശ്രീ സുന്ദരേക്ഷ ക്ഷേത്രം,തൃക്കുന്നപ്പുഴ ,തിരുവില്ല്വാമല ,ആറന്മുള ,കൊല്ലം തിരുമൂലവരം എന്നിവ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളാണ്.